എറണാകുളം:കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ (Karuvannur Bank Scam) ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മർദിച്ചെന്ന പരാതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർക്ക് എതിരെ (ഇഡി) അന്വേഷണവുമായി പൊലീസ് (Kerala police against ED on Karuvannur bank scam). സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ പരാതിയിലാണ് പൊലീസ് പ്രാഥമിക പരിശോധന തുടങ്ങിയത്. എറണാകുളം സെൻട്രൽ പൊലീസ് കൊച്ചിയിലെ ഇഡി ഓഫിസിലെത്തി വിവരങ്ങൾ തേടി.
കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് ഇഡി (ED) ഉദ്യോഗസ്ഥർ തന്നെ മർദിച്ചുവെന്നാണ് പി ആർ അരവിന്ദാക്ഷൻ എറണാകുളം സെൻട്രൽ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. 'പല തവണ തന്നെ മൊഴിയെടുക്കാൻ ഇഡി വിളിപ്പിച്ചിരുന്നു. അന്വേഷണവുമായി സഹകരിച്ച തന്നെ, കഴിഞ്ഞ ദിവസം അവർ പറയുന്നതിന് അനുസരിച്ച് മൊഴി നൽകാത്തതിന്‍റെ പേരിൽ മർദിക്കുകയായിരുന്നു'.
ഇതേ തുടർന്ന് ചികിത്സ തേടിയതായും തന്നെ മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. മർദിച്ച ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ഉൾപ്പടെ പരാതിയിൽ സൂചിപിക്കുന്നുണ്ട്. ഇതേ തുടർന്നാണ് എഫ് ഐ ആർ റജിസ്റ്റർ ചെയ്യുന്നതിന്‍റെ മുന്നോടിയായി ഇഡി ഓഫിസിലെത്തി പൊലീസ് പ്രാഥമിക പരിശോധന നടത്തിയത്.