എറണാകുളം:കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. രണ്ട് പ്രതികളെ മാപ്പുസാക്ഷികളാക്കി കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ഇ.ഡി. നീക്കം. കേസിലെ 33,34 പ്രതികളായ ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം എന്നിവരെ മാപ്പുസാക്ഷികളാകുന്നതിനുള്ള നീക്കങ്ങളാണ് ഇ.ഡി. തുടങ്ങിയത് (Enforcement Directorate With A Decisive Move On Karuvannur Bank Scam Case ).
സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്നാണ് പ്രതികൾ കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
പ്രതികൾ നൽകിയ സത്യവാങ്മൂലം പരിശോധിച്ച് കലൂർ പി എം എൽ എ കോടതി അനുമതി നൽകിയാൽ ഇവർ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാകും.ഇവരെ കലൂർ പി എം എൽ എ കോടതിയിൽ ഹാജരാക്കിയിരന്നു. കേസ് പരിഗണിക്കുന്നത് ഈ മാസം 21 ലേക്ക് മാറ്റി.
കേസിൽ പങ്കാളികളായ നിരവധി പ്രമുഖരുടെ പങ്കാളിത്തം തുറന്നു പറഞ്ഞ കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ടി ആർ സുനിൽ കുമാറും, മുൻ മാനേജർ ബിജു കരീമും മാപ്പുസാക്ഷികളാകുന്നത് തങ്ങളുടെ വാദങ്ങൾക്ക് കരുത്ത് പകരുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്. ഇരുവരുടെയും രഹസ്യമൊഴി നേരത്തെ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു.
ബാങ്കിൽ പ്രതികൾ നടത്തിയ ഇടപാടുകളും, ഇടപെടലുകളും അറിയുന്നവരാണ് സുനിൽകുമാറും, ബിജു കരീമും. കുറ്റകൃത്യത്തിൽ നിർണായക പങ്കാളിത്തമുളള പ്രതികളെ മാപ്പ് സാക്ഷികളാക്കണമോയെന്ന കാര്യത്തിൽ തീരുമാനമടുക്കേണ്ടത് കോടതിയാണ്. സത്യവാങ്മൂലം പരിശോധിച്ച് ഇരുവരെയും മാപ്പുസാക്ഷികളാക്കുന്നതിൽ കലൂർ പി എം എൽ എ കോടതിയുടെ തീരുമാനം നിർണ്ണായകമാണ്.
കരുവന്നൂർ ബാങ്ക് കേസിൽ 5 സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 55 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മുഖ്യപ്രതികളായ പി സതീഷ് കുമാർ, പി ആർ അരവിന്ദാക്ഷൻ എന്നിവർക്കെതിരെയും സുനിൽകുമാർ, ബിജു കരീം എന്നിവർ മൊഴി നൽകിയിരുന്നു.