എറണാകുളം :കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur Bank Scam) കേസിൽ അറസ്‌റ്റിലായ സിപിഎം (CPM) പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ (Wadakkanchery Municipality) കൗൺസിലറുമായ പി ആർ അരവിന്ദാക്ഷൻ (PR Aravindakshan), കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി.കെ ജിൽസ് എന്നിവർ റിമാന്‍ഡില്‍. എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate) അറസ്‌റ്റ് ചെയ്‌ത ഇരുവരെയും പിഎംഎൽഎ കേസ് (കള്ളപ്പണം വെളുപ്പിക്കല്‍) പരിഗണിക്കുന്ന പ്രത്യേക സിബിഐ കോടതിയാണ് (CBI Special Court) പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തത്.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്തെല്ലാം:അറസ്‌റ്റിലായ പി ആർ അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ അമ്പത് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ഈ പൈസ ഒന്നാം പ്രതി സതീഷ് കുമാർ വഴി ലഭിച്ചതാണെന്നും പണത്തിന്‍റെ സ്രോതസ് തെളിയിക്കാൻ അരവിന്ദാക്ഷന് കഴിഞ്ഞിട്ടില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. അന്വേഷണവുമായി പി ആർ അരവിന്ദാക്ഷൻ സഹകരിച്ചില്ലെന്നും ഇഡി ആരോപിച്ചു. മറ്റ് രണ്ട് ബാങ്കുകളില്‍ കൂടി അരവിന്ദാക്ഷന് അക്കൗണ്ട് ഉണ്ടായിരുന്നു. 2015 മുതൽ 2017 വരെ അക്കൗണ്ടുകൾ വഴി കോടികളുടെ ഇടപാടുകൾ നടന്നതായും റിമാന്‍ഡ് റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കി.
അരവിന്ദാക്ഷന് ഉന്നത രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഇയാൾ സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി സതീഷ് കുമാറിന്‍റെ പിടിച്ചെടുത്ത ഫോണിൽ നിന്നും പി ആർ അരവിന്ദാക്ഷനെതിരായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പ്രതി കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി അന്വേഷണത്തിൽ തെളിഞ്ഞെന്നും ഇഡി റിമാന്‍ഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.
കസ്‌റ്റഡി അപേക്ഷയുമായി ഇഡി :എന്നാല്‍ പ്രതികളെ മൂന്ന് ദിവസത്തെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി കോടതിയിൽ കസ്‌റ്റഡി അപേക്ഷ സമർപ്പിച്ചു. ഇത് കോടതി ബുധനാഴ്‌ച പരിഗണിക്കും. പി ആർ അരവിന്ദാക്ഷന്‍റെ ജാമ്യാപേക്ഷയും കോടതി നാളെ (27.09.2023) പരിഗണിക്കും. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഏട്ടുതവണ ചോദ്യം ചെയ്യലിന് ഹാജരായതായും ഇദ്ദേഹം ജാമ്യാപേക്ഷയിൽ വ്യക്തമാക്കി.
താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും തന്നെ കേസിൽ കുടുക്കുകയാണെന്നും ഇഡി ഓഫിസിൽ വച്ച് പി ആർ അരവിന്ദാക്ഷൻ പ്രതികരിച്ചു. തനിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ മർദിച്ചതിനെ തുടർന്നാണ് ഇഡിക്കെതിരെ പരാതി നൽകിയത്. ഇഡി തന്നോട് പ്രതികാരം ചെയ്യുകയാണെന്നും അരവിന്ദാക്ഷൻ ആരോപിച്ചു.