എറണാകുളം:എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇഡിയുടെ പരിശോധന. ഇന്നലെ (18.09.23) രാവിലെ എട്ട് മണിയോടെ തുടങ്ങിയ പരിശോധന 12 മണിക്കൂറിലധികം നീണ്ടു നിന്നു. തൃശൂരിൽ എട്ടിടത്തും, കൊച്ചിയിൽ ഒരിടത്തുമാണ് മിന്നൽ പരിശോധന നടത്തിയത്.
പരിശോധനയില്‍ നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് സൂചന. തൃശൂർ അയ്യന്തോൾ സഹകരണ ബാങ്ക്, തൃശൂർ സർവീസ് സഹകരണ ബാങ്ക്, എസ് ടി ജ്വല്ലറി, ജ്വല്ലറി ഉടമ സുനിൽ കുമാറിന്‍റെ വീട്, മൂന്ന് ആധാരമെഴുത്തുകാരുടെ സ്ഥാപനങ്ങൾ, ബാങ്കിൽ കോടികളുടെ കുടിശ്ശിക വരുത്തിയ ബിനാമി അനിൽകുമാറിന്‍റെ വീട്, കൊച്ചിയിലെ ഹോട്ടൽ വ്യവസായി ദീപക്കിന്‍റെ എറണാകുളം കോമ്പാറ ജംഗ്ഷനിലെ വീട് എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടത്തിയത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി പി സതീഷ് കുമാറിന് ഇടപാടുകളുണ്ടെന്ന് വ്യക്തമായതോടെയാണ് അയ്യന്തോൾ, തൃശൂർ സഹകരണ ബാങ്കുകളിൽ റെയ്ഡ് നടന്നത്. തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും, ബാങ്ക് പ്രസിഡന്‍റും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന്‍റെ സാന്നിധ്യത്തിലാണ് പരിശോധന. സതീഷ് കുമാറുമായി ബന്ധമുള്ള എം.കെ. കണ്ണനെയും ഇ.ഡി അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുന്നതായാണ് സൂചന.
ഹോട്ടൽ വ്യവസായി ദീപക് സത്യപാലന്‍റെ വീട്ടിലായിരുന്നു കൊച്ചിയിൽ റെയ്ഡ്. സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റു ചെയ്ത പിപി കിരണിന്‍റെ സഹായത്തോടെ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ബിനാമികൾ വഴി വായ്പയായി ദീപക് പന്ത്രണ്ടരക്കോടി എടുത്തിട്ടുണ്ടന്നാണ് ആരോപണം. ഷെൽ കമ്പനികൾ വഴി കിരണിന്‍റെ അഞ്ചരക്കോടി ദീപക് വെളുപ്പിച്ചതായും ഇ ഡി സംശയിക്കുന്നു. ഇതിൽ വ്യക്തത വരുത്താനായിരുന്നു കോംബാറയിലെ വീട്ടിൽ റെയ്ഡ് നടത്തിയത്.
കരുവന്നൂർ ബാങ്കിൽ പതിനെട്ടര കോടിയുടെ കുടിശ്ശിക വരുത്തി മുങ്ങിയ അനിൽകുമാർ പലരുടെയും കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡി ക്ക് ലഭിച്ച വിവരം. തൃശൂർ സ്വദേശി അനിൽകുമാർ ബിനാമി വായ്പയായി തട്ടിയത് പതിനെട്ടര കോടി രൂപയാണ്. എട്ട് വർഷമായി ഇയാൾ ഒളിവിലാണെന്നും ഇ ഡി അറിയിച്ചു. ഒളിവിലുള്ള അനിൽകുമാർ തൃശൂരിൽ പല പേരുകളിലാണ് കഴിയുന്നത്. അനിൽകുമാറിന് സി പി എം നേതാക്കളാണ് സഹായം നൽകുന്നതെന്നും ഇ.ഡി സംശയിക്കുന്നു.
മൊയ്‌തീനെ വീണ്ടും ചോദ്യം ചെയ്യും:കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം നേതാവും, മുൻമന്ത്രിയുമായ എ.സി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് സുപ്രധാനമായ പരിശോധനകളിലേക്ക് ഇ.ഡി പ്രവേശിച്ചത്. കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഇന്ന് (സെപ്റ്റംബർ 19) വീണ്ടും ഹാജരാകാനാണ് ഇ.ഡി നോട്ടിസ് നൽകിയത്. കഴിഞ്ഞ ഒമ്പതാം തിയതി പത്ത് മണിക്കൂറോളം എ.സി. മൊയ്തീനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അദ്ദേഹം നൽകിയ മൊഴികൾ വിശകലനം ചെയ്താണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ബാങ്ക് ഇടപാടു രേഖകളും സ്വത്ത് വകകളെ കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങളും ഹാജറാക്കാൻ ഇ.ഡി. നിർദ്ദേശിച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും മുൻ മന്ത്രിയെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.