എറണാകുളം/തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ (Karuvannur Bank Fraud Case) മുന്‍ മന്ത്രി എസി മൊയ്‌തീനെ (AC Moideen) നാളെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെതൃശൂരിലും എറണാകുളത്തും എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് സംഘത്തിന്‍റെ റെയ്‌ഡ് (Enforcement Directorate Raid). എറണാകുളത്ത് ഒരു വ്യവസായിയുടെ വീട്ടിലും, തൃശൂരിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പടെ എട്ടിടങ്ങളിലുമാണ് ഇ ഡിയുടെ പരിശോധന. സായുധ സേനാംഗങ്ങളുടെ സാന്നിധ്യത്തിലാണ് റെയ്‌ഡ് പുരോഗമിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള 40 അംഗ സംഘം ഇന്ന് പുലര്‍ച്ചെയോടെയാണ് വിവിധ ഇടങ്ങളില്‍ പരിശോധന ആരംഭിച്ചത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പിപി കിരണുമായി അടുത്ത ബന്ധമുള്ള കൊച്ചിയിലെ വ്യവസായിയുടെ വീട്ടിലാണ് പരിശോധന. അറസ്റ്റിലായ സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിലാണ് അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പടെ എട്ടിടങ്ങളിൽ കേന്ദ്ര അന്വേഷണ സംഘം മിന്നൽ പരിശോധന നടത്തുന്നത്. സതീഷ് കുമാറിന് എ സി മൊയ്‌തീനുമായി ബന്ധമുണ്ടെന്നാണ് ഉയരുന്ന ആരോപണം.
ഇയാള്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് (Ayanthole Service Cooperative Bank) മുഖേന ഒന്നരക്കോടിയോളം രൂപ വെളുപ്പിച്ചുവെന്ന വിവരം നേരത്തെ ഇഡിയ്‌ക്ക് ലഭിച്ചിരുന്നു. ഭാര്യയുടെയും മക്കളുടെയും പേരിലുള്ള അഞ്ച് അക്കൗണ്ടുകളിലേക്കാണ് ഇയാള്‍ ഈ തുക നിക്ഷേപിച്ചത്. കസ്റ്റഡിയിലുള്ള സതീഷ് കുമാറിനെ ചോദ്യം ചെയ്‌തതില്‍ നിന്നായിരുന്നു അന്വേഷണ സംഘത്തിന് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.