എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്‌തീൻ (A C Moideen) നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല (AC Moideen will not appear for ED questioning). അസൗകര്യമുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനെ (ഇഡി)അദ്ദേഹം അറിയിക്കുകയായിരുന്നു. പകരം മറ്റൊരു ദിവസം ഹാജരാകാമെന്നും നോട്ടിസിന് മറുപടി നൽകി.
നേരത്തെ ഓഗസ്‌റ്റ് 31 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എ സി മൊയ്‌തീന് ഇഡി നോട്ടിസ് നൽകിയിരുന്നു. കൊച്ചിയിൽ ഇഡിയുടെ മേഖല ഓഫിസിൽ നേരിട്ട് ഹാജരാകണമെന്നായിരുന്നു നിർദേശം. അതേസമയം കരുവന്നൂർ ബാങ്ക് മുൻ മാനേജർ ബിജു കരീം, പി.പി കിരൺ, അനിൽ സേട്ട് എന്നിവരെ ഇഡി ചോദ്യം ചെയ്യുകയാണ്. ഇവർ ബിനാമികളാണെന്നാണ് ഇഡി സംശയിക്കുന്നത്.
എ സി മൊയ്‌തീനെ ചോദ്യം ചെയ്‌ത ശേഷമായിരിക്കും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. എ സി മൊയ്‌തീന്‍റെ വീട്ടിൽ ഇഡി ഇരുപത്തിരണ്ട് മണിക്കൂർ പരിശോധന നടത്തുകയും അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തിരുന്നു.
തുടർന്ന് ഇഡി ഇറക്കിയ വാർത്താക്കുറിപ്പിൽ എ സി മൊയ്‌തീനെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. ജില്ലാതല നേതാക്കളും കമ്മിറ്റി അംഗങ്ങളും ബാങ്ക് ഭരിക്കുന്നവരുമായ ചിലരുടെ നിർദേശപ്രകാരം, മാനേജർ മുഖേന ഇടപാടുകാരല്ലാത്ത ബിനാമികൾക്ക് ക്രമവിരുദ്ധമായി വായ്‌പനൽകിയെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്.