എറണാകുളം:കണ്ണൂർ സർവകലാശാല വി.സിയുടെ പുനഃർനിയമനം ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിനെതിരായ അപ്പീൽ, ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിയ്ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർ നിയമനത്തിൽ അപാകതയില്ലന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്.
ആദ്യ നിയമനവും പുനഃർനിയമനവും തമ്മിൽ വ്യത്യാസമില്ലെന്നാണ് അപ്പീൽ ഹർജിയിലെ വാദം. അതിനാൽ യു.ജി.സി. മാനദണ്ഡങ്ങളെല്ലാം പാലിക്കണം. ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ചിന്‍റെ വിലയിരുത്തൽ ശരിയല്ല. 60 വയസ് കഴിഞ്ഞയാളെ വി.സിയായി നിയമിക്കാനാകില്ലെന്നാണ് ചട്ടം. പുനഃർനിയമന കാര്യത്തിൽ പ്രായം ബാധകമാണെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു.
'പുതിയ നിയമനമല്ല, പുനഃർനിയമനമെന്ന് സര്‍ക്കാര്‍'
വി.സിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഹെക്കോടതിൽ അപ്പീൽ സമർപ്പിച്ചത്. വി.സി നവംബർ 23 ന് വിരമിക്കേണ്ടതായിരുന്നു. പുതിയ വി.സിയെ തെരഞ്ഞെടുക്കന്നതിന് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് വിജ്ഞാപനം ഇറക്കിയെങ്കിലും പിൻവലിച്ച് ഗോപിനാഥ് രവീന്ദ്രനെ തുടരാൻ അനുവദിച്ചെന്ന് ഹർജിയിൽ പറയുന്നു. വിജ്ഞാപനം പിൻവലിച്ചത് പ്രോ വി.സിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ്.
പിന്നീടാണിത് പുറത്തുവന്നത്. ഇടപെടൽ നിയമവിരുദ്ധമാണെന്നും വി.സിയെ നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നിയമനമല്ല പുനർനിയമനമാണ് നടന്നതെന്നും സർക്കാര്‍ കോടതിയിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ വാദം അംഗീകരിച്ചാണ് കണ്ണൂർ സർവകലാശാല വി.സി നിയമനത്തിനെതിരായ ഹർജി സിംഗിൾ ബെഞ്ച് തള്ളിയത്.
ALSO READ:Kerala Omicron | ഒമിക്രോൺ സ്ഥിരീകരിച്ച യുവാവിന്‍റെ സഞ്ചാരപാത അറിയാം