എറണാകുളം :കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ (Kandala Service Co-operative Bank fraud case) അറസ്റ്റിലായ മുൻ സി പി ഐ നേതാവ് ഭാസുരാംഗനെയും (Kandala Service Co-operative Bank fraud case Bhasurangan) മകൻ അഖിൽജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുവരെയും ചൊവ്വാഴ്‌ച പത്ത് മണിക്കൂറോളം ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്‌തത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമമനുസരിച്ചുള്ള (പി എം എൽ എ) കേസുകൾ പരിഗണിക്കുന്ന കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ഭാസുരാംഗനെ മൂന്ന് തവണകളായി മണിക്കൂറുകളോളം എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തിരുന്നു.
ഭാസുരാംഗന്‍റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധന നടത്തുകയും ചില രേഖകൾ ഇഡി കണ്ടെത്തുകയും ചെയ്‌തു. ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. സംഭവത്തിൽ കണ്ടല ബാങ്ക് ജീവനക്കാരുടെയുൾപ്പടെ മൊഴിയെടുക്കുകയും ബാങ്ക് മുൻ പ്രസിഡന്‍റ് ഭാസുരാംഗനെതിരെ നിർണായക തെളിവുകൾ ഇ ഡി ശേഖരിക്കുകയും ചെയ്‌തു.