എറണാകുളം :'ശേഷം മൈക്കിൽ ഫാത്തിമ' (sesham Mikeil Fathima) ചിത്രത്തിലെ വേഷം തന്നെ തേടിയെത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് നടി കല്യാണി പ്രിയദർശൻ (Kalyani Priyadarshan). ചിത്രത്തിൽ ഒരു കമന്റേറ്റർ ആയി മാറണം എന്ന് ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. എന്നാൽ, ജീവിതത്തിൽ ഇതുവരെ കമന്ററി ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടില്ല. വളരെ വൈബ്രന്റ് ആയ കഥാപാത്രമാണ് ചിത്രത്തിലേത്. സംവിധായകന്റെ ആഗ്രഹം പോലെ ചിത്രത്തിലെ കഥാപാത്രത്തെ മികച്ചതാക്കാൻ കഴിഞ്ഞു എന്നാണ് വിശ്വസം. ചെറിയ ചെറിയ സ്വപ്നങ്ങൾ മാത്രമുള്ളവർക്ക് ഈ സിനിമ തീർച്ചയായും ഇഷ്ടപ്പെടുമെന്നും കല്യാണി മാധ്യമങ്ങളോട് പറഞ്ഞു.
മനു സി കുമാർ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'ശേഷം മൈക്കിൽ ഫാത്തിമ'. മിന്നൽ മുരളി ഫെയിം ഫെമിന ജോർജ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഈ ചിത്രത്തിനായി തനിക്ക് അണിയറ പ്രവർത്തകരിൽ നിന്നും നല്ല സഹകരണം ലഭിച്ചതായി കല്യാണി പറഞ്ഞു. കരിയറിൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങൾ ഒക്കെയും പ്രിയപ്പെട്ടതാണ്. വലിയ സംവിധായകരുടെ കൂടെയും വലിയ അഭിനേതാക്കളുടെ കൂടെയും പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.
എങ്കിലും തനിക്ക് പലപ്പോഴും സ്ക്രീൻ സ്പേസ് കുറഞ്ഞു പോകാറുണ്ടായിരുന്നു. എന്നാൽ, ഇവിടെ ചിത്രത്തിന്റെ കഥ കേട്ടതും സിനിമ ചെയ്യണമെന്ന് താത്പര്യം തോന്നി. ഈ ചിത്രത്തിന്റെ വിജയത്തിനനുസരിച്ച് ഇത്തരം കഥാപാത്രങ്ങൾ വീണ്ടും തിരഞ്ഞെടുക്കും. 'ശേഷം മൈക്കിൽ ഫാത്തിമയ്ക്ക്' വേണ്ടി തന്റെ സ്വന്തം ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ട് ദിവസത്തെ ഡബ്ബിങ് വല്ലാതെ കഠിനമായിരുന്നു.
സുരഭി ലക്ഷ്മിയാണ് വോയിസ് ട്രെയിനർ ആയി എത്തിയത്. സുരഭിയുടെ ട്രെയിനിങ്ങിൽ ആണ് മലബാർ ഭാഷ കൃത്യമായി സംസാരിക്കുവാൻ സാധിച്ചതും. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് ഒരിക്കൽ ഒരു വോളിബോൾ മത്സരം കാണാനായി പോയപ്പോൾ അവിടെയുള്ളവർ തന്നെ ബോക്സിലേക്ക് ക്ഷണിച്ച് കമന്ററി പറയാൻ പ്രേരിപ്പിച്ചിരുന്നു. അതായിരുന്നു കമന്ററി പറയുന്നതിൽ എന്റെ ഫസ്റ്റ് ഹാൻഡ് എക്സ്പീരിയൻസ്.