എറണാകുളം:കൊച്ചി നഗരത്തിൽ രേഷ്‌മയെന്ന യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി നൗഷിദ് സുഹൃത്തായ യുവതിയെ കൊലപ്പെടുത്തിയത് വിചാരണ ചെയ്‌ത ശേഷമാണെന്നും കൊലയ്ക്ക് പിന്നിൽ പ്രതിയുടെ അന്ധവിശ്വാസം കാരണമായതായുമാണ് സൂചന.
വീഡിയോയില്‍ എന്ത്:പ്രതിക്ക് മുമ്പിൽ തന്നെ വെറുതെ വിടണമെന്ന് രേഷ്‌മ കൈകൂപ്പി അപേക്ഷിക്കുന്ന വീഡിയോ പ്രതിയുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെത്തി. തന്നെ കുറിച്ച് അപവാദം പ്രചരിപ്പിച്ചത് എന്തിനാണെന്നും, രേഷ്‌മ എന്ന പേര് യഥാർഥമാണോയെന്നും പ്രതി ചോദിക്കുന്നതും ഈ വീഡിയോയിലുണ്ട്. പ്രതിയുടെ ചോദ്യം ചെയ്യലിനോട് കരഞ്ഞുകൊണ്ട് മറുപടി നൽകിയ രേഷ്‌മ എങ്കിൽ തന്നെ കൊല്ലൂവെന്ന് പ്രതിയോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പാണ് പ്രതി തന്നെ ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
കൊലപാതകം എന്തിന്:സമൂഹമാധ്യമത്തിലൂടെ പരിചയപെടുകയും സൗഹൃദത്തിലാവുകയും ചെയ്‌ത രേഷ്‌മയും നൗഷിദും തമ്മിൽ ഇടക്കാലത്ത് അഭിപ്രായ ഭിന്നതയുണ്ടായി. നൗഷിദിനുണ്ടായ ചില ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണം രേഷ്‌മ ദുർമന്ത്രവാദം ചെയ്‌തതാണെന്നും നൗഷിദ് വിശ്വസിച്ചിരുന്നു. ഇയാൾക്ക് വേണ്ടി വീട്ടുകാർ കല്യാണാലോചനകൾ നടത്തുന്നതിന് രേഷ്‌മ എതിരായിരുന്നു. ഇതോടെ സൗഹൃദത്തിൽ നിന്നും പിന്മാറാൻ നൗഷിദ് തീരുമാനിച്ചിരുന്നു.
ഇതിന് രേഷ്‌മ തയ്യാറായില്ലെങ്കിൽ കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെയാണ് പ്രതി ജോലി ചെയ്യുന്ന ഓയോ റൂമിലേക്ക് രേഷ്‌മയെ ബുധനാഴ്‌ച (09.08.2023) രാത്രി വിളിച്ച് വരുത്തിയത്. തുടർന്ന് രാത്രി 10.45 ഓടെയാണ് നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. ചങ്ങനാശ്ശേരി സ്വദേശിയായ രേഷ്‌മ (22) യെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ബാലുശ്ശേരി സ്വദേശി നൗഷിദിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു.
അടുപ്പം കൊലപാതകത്തിലേക്ക് നീങ്ങിയത് ഇങ്ങനെ: കലൂരിൽ ഓയോ റും കെയർ ടേക്കറായി ജോലി ചെയ്‌ത് വരികയായിരുന്ന പ്രതി നൗഷിദും ലാബ് അറ്റന്‍ഡറായ രേഷ്‌മയും തമ്മിൽ സൗഹൃദത്തിലായിരുന്നു. അങ്ങനെയിരിക്കെ കഴിഞ്ഞദിവസം നൗഷിദ് രേഷ്‌മയെ കലൂരിലെ റൂമിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും നൗഷിദ് കത്തിയെടുത്ത് രേഷ്‌മയുടെ കഴുത്തിലും വയറിലും തുരുതുരെ കുത്തുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവരും പൊലീസും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ സമയം കെയർ ടേക്കറായ നൗഷിദും ഇവരോടൊപ്പമുണ്ടായിരുന്നു. തുടർന്ന് സംശയം തോന്നി പൊലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് നൗഷിദാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. എറണാകുളം നോർത്ത് പൊലീസാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. പോസ്‌റ്റ്‌മോർട്ടം ഉൾപ്പടെ പൂർത്തിയാക്കി മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ട് നൽകി. പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി വ്യാഴാഴ്‌ച തന്നെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഒരിടവേളയ്ക്ക് ശേഷം നഗരത്തിന്‍റെ ഹൃദയഭാഗത്ത് വീണ്ടുമൊരു കൊലപാതകം നടന്നത് ജനങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.
Also Read: Child Murder| ചികിത്സ തേടിയെത്തിയ 14 കാരന്‍റെ കൊലപാതകം; വൈദ്യ ചികിത്സ നടത്തുന്ന സ്‌ത്രീയും 3 ആണ്‍മക്കളും പിടിയില്‍