എറണാകുളം:കൊച്ചിയിൽ ഹോട്ടൽ മുറിയിൽ ഒന്നരവയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ അച്ഛൻ സജീവനെ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ അങ്കമാലിയിൽ നിന്നാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സജീവനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
ഒളിവിൽ കഴിയുകയായിരുന്ന സജീവിന്‍റെ അമ്മ സിപ്‌സിയെ പൊലീസ് തിരുവനന്തപുരത്ത നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവിനും മുത്തശ്ശിക്കുമെതിരെ ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ ഇരുവർക്കും നേരിട്ട് പങ്കില്ലെങ്കിലും കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്‌ച വരുത്തിയ സാഹചര്യത്തിലാണ് കേസെടുത്തത്.
അതേസമയം ഏത് സാഹചര്യത്തിലാണ് കുട്ടികളുമായി മുത്തശ്ശി ഹോട്ടലിലെത്തിയതെന്ന് പൊലീസ് പരിശോധിക്കും. കുട്ടികളെ മറയാക്കി സിപ്‌സി കഞ്ചാവ് കടത്തിയെന്നും അസാന്മാർഗിക പ്രവർത്തനങ്ങൾ നടത്തിയെന്നും ആരോപണമുയർന്നിരുന്നു. അമ്മ ഡിക്‌സി വിദേശത്തായതിനാൽ മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു കുട്ടികൾ കഴിഞ്ഞിരുന്നത്.
കലൂരിലെ സ്വകാര്യ ഹോട്ടലിൽ വച്ച് തിങ്കളാഴ്‌ച (07.03.22) രാത്രിയാണ് സജീവിന്‍റെ മകളെ മുത്തശ്ശി സിപ്‌സിയുടെ സുഹൃത്തും പള്ളുരുത്തി സ്വദേശിയുമായ ജോൺ ബിനോയി കൊലപ്പെടുത്തിയത്. രണ്ട് കുട്ടികൾക്കും ജോൺ ബിനോയിക്കുമൊപ്പം അഞ്ചാം തീയതിയാണ് സിപ്‌സി ഹോട്ടലിൽ മുറിയെടുത്തത്. ഇതിനിടയിൽ ജോൺ ബിനോയിയും സിപ്‌സിയും തമ്മിൽ തർക്കമുണ്ടായി. തിങ്കളാഴ്‌ച രാത്രി സിപ്‌സി പുറത്ത് പോയ വേളയിൽ സുഹൃത്ത് ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
പാൽ കുടിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ടുവെന്നാണ് പ്രതി മുത്തശ്ശിയോട് പറഞ്ഞത്. ഇതേകാരണം പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്‌റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ മരണം കൊലപാതകമെന്ന് വ്യക്തമായതോടെയാണ് കസ്റ്റഡിയിലായിരുന്ന പ്രതി ബിനോയിയെ അറസ്റ്റ് ചെയ്തത്.
READ MORE: ഒന്നര വയസുകാരിയുടെ കൊലപാതകം ; മുത്തശ്ശി സിപ്‌സി അറസ്റ്റിൽ