എറണാകുളം: കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തി. എറണാകുളം കെഎസ്‌ആർടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ഓടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു തോക്ക്. തെളിവെടുപ്പിനിടെ പ്രതികൾ നൽകിയ വിവരമനുസരിച്ചാണ് തോക്ക് കണ്ടെടുത്തത്. സൈനികര്‍ ഉപയോഗിക്കുന്ന തോക്കാണെന്നും പ്രതികൾക്ക് സൈനിക തോക്ക് കിട്ടിയതിനെ കുറിച്ച് അന്വേഷിക്കുമെന്നും തമിഴ്‌നാട് ക്യൂബ്രാഞ്ച് ഡിവൈഎസ്‌പി കെ.ഗണേശൻ അറിയിച്ചു. കണ്ടെടുത്ത 7.65 എം.എം.പിസ്റ്റളില്‍ അഞ്ച് ബുള്ളറ്റുകളാണ് ഉണ്ടായിരുന്നത്. ഇത് കൃത്യത്തിന് ഉപയോഗിച്ചത് തന്നെയാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ശാസ്‌ത്രീയമായ അന്വേഷണം പരിശോധന നടത്തും. കളിയക്കാവിളയിൽ അഞ്ച് ബുള്ളറ്റുകളായിരുന്നു പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ചത്.
കളിയിക്കാവിള കൊലപാതകം; തോക്ക് എറണാകുളത്ത് കണ്ടെത്തി - എഎസ്‌ഐ വില്‍സ
കേസിന്‍റെ തെളിവെടുപ്പിനിടെ എറണാകുളം കെഎസ്‌ആർടിസി ബസ് സ്റ്റാന്‍റിന് സമീപത്ത് നിന്നാണ് തോക്ക് കണ്ടെത്തിയത്
കേസിലെ മുഖ്യപ്രതികളായ അബ്‌ദുല്‍ ഷമീമിനെയും തൗഫീഖിനെയും എത്തിച്ചായിരുന്നു തമിഴ്‌നാട് ക്യൂബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. കേരള പൊലീസിന്‍റെയും കോര്‍പ്പറേഷന്‍ ജീവനക്കാരുടെയും സഹായത്തോടെയാണ് തമിഴ്‌നാട് ക്യൂബ്രാഞ്ച് സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രതികളെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു തെളിവെടുപ്പിനായി കേരളത്തിലേക്ക് കൊണ്ടുവന്നത്. വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ കൊച്ചിയിലെത്തിച്ചത്. ബുധനാഴ്ച രാത്രി കളിയിക്കാവിളയിൽ ഉൾപ്പെടെ പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് അതിർത്തിയിൽ മാധ്യമ സംഘങ്ങൾ നിലയുറപ്പിച്ചിരുന്നു. കളിയിക്കാവിള ചെക്‌പോസ്റ്റ് പരിസരത്തും പ്രതികള്‍ താമസിച്ചിരുന്ന ഇടങ്ങളിലും ബുധനാഴ്ച രാത്രി തെളിവെടുപ്പ് നടത്തി.
എഎസ്‌ഐയെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ബസിൽ കൊച്ചിയിലെത്തുകയായിരുന്നു. കൊലപാതകവാര്‍ത്ത പത്രത്തില്‍ കണ്ടതോടെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ഓടയില്‍ ഉപേക്ഷിച്ചു. തുടർന്ന് പ്രതികൾ ബസിൽ ഉഡുപ്പിയിലേക്ക് പോവുകയായിരുന്നുവെന്നും ഡിവൈഎസ്‌പി കൂട്ടിച്ചേര്‍ത്തു. കേസ് എന്‍ഐഎക്ക് കൈമാറുന്ന ഘട്ടത്തിലാണ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവ് ക്യൂബ്രാഞ്ചിന് ലഭിച്ചത്.