എറണാകുളം: തെരഞ്ഞെടുപ്പ് പ്രചാരണം അതിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിജയ പ്രതീക്ഷയിലാണ് കളമശ്ശേരി നിയമസഭാമണ്ഡലത്തിലെ സ്ഥാനാർഥികൾ. ചരിത്രം ആവർത്തിക്കാൻ യു.ഡി.എഫ് തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ സീറ്റ് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫും എൻ.ഡി.എയും.
കളമശ്ശേരി 2016 തെരഞ്ഞെടുപ്പ് ഫലം എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കളമശ്ശേരി, ഏലൂർ എന്നീ നഗരസഭകളും പറവൂർ താലൂക്കിൽ ഉൾപ്പെടുന്ന ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമല്ലൂർ, എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കളമശ്ശേരി നിയമസഭാമണ്ഡലം. 2016ലെ കണക്കനുസരിച്ച് 190530 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 2011 ൽ കളമശ്ശേരി നിയോജകമണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം നടന്ന ആദ്യ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൽ നിന്ന് മത്സരിച്ച വി.കെ ഇബ്രാഹിം കുഞ്ഞാണ് വിജയിച്ചത്. അന്ന് മുതൽ യു.ഡി.എഫ് അനുകൂല മണ്ഡലമെന്ന് കരുതുന്ന കളമശ്ശേരിയിൽ ഇക്കുറി നടക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടം കനക്കാനാണ് സാധ്യത. യു.ഡി.എഫ് സ്ഥാനാർഥി വി.ഇ അബ്‌ദുൾ ഗഫൂറും എൽ.ഡി.എഫ് സ്ഥാനാർഥി പി.രാജീവും എൻ.ഡി.എ സ്ഥാനാർഥി പി.എസ് ജയരാജനുമാണ് ആവേശകരമായ പോരാട്ടത്തിനായിറങ്ങുന്നത്.
കളമശ്ശേരി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2016 ലെ തെരെഞ്ഞെടുപ്പിൽ വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ എൽ.ഡി.എഫിൽ നിന്ന് എ.എം യൂസഫും എൻ.ഡി.എയിൽ നിന്ന് വി.ഗോപകുമാറും ആയിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇബ്രാഹിം കുഞ്ഞ് 68726 വോട്ട് നേടിയപ്പോൾ എ.എം യൂസഫിന് 56608 വോട്ടും വി.ഗോപകുമാറിന് 24244 വോട്ടുമാണ് ലഭിച്ചത്. ആ തെരഞ്ഞെടുപ്പിൽ 12000 ലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി ഇബ്രാഹിം കുഞ്ഞ് വിജയിച്ചത്.
എന്നാൽ സീറ്റ് നിലനിർത്താൻ യു.ഡി.എഫും സീറ്റ് പിടിച്ചെടുക്കാൻ എൽ.ഡി.എഫും ബി.ജെ.പിയും രംഗത്തിറങ്ങുമ്പോൾ കനത്ത പോരാട്ടത്തിനായിരിക്കും കളമശ്ശേരി നിയോജകമണ്ഡലം സാക്ഷ്യം വഹിക്കുക. സ്ഥാനാർഥി നിർണയത്തെ ചൊല്ലി യു.ഡി.എഫിൽ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്ന എതിർപ്പുകൾ എല്ലാം ഏതാണ്ട് കെട്ടടങ്ങിയ അവസ്ഥയാണ് . യുവത്വത്തിന് പരിഗണന നൽകണമെന്ന ആവശ്യം ഉയർന്നപ്പോൾ നിലവിലെ എം.എൽ.എ വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ വി.ഇ അബ്‌ദുൾ ഗഫൂറിനെ കളമശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥിയാക്കുകയും ചെയ്തു.
പ്രവചനാതീതമായി കളമശ്ശേരി മണ്ഡലം അതേ സമയം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.രാജീവിനെയാണ് മണ്ഡലം തിരിച്ചു പിടിക്കാൻ എൽ.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത്. എൽ ഡി എഫിന് അനുകൂലമായ ഒരു മാറ്റത്തിനാണ് കളമശ്ശേരി നിയോജകമണ്ഡലത്തിലെ വോട്ടർമാർ ആഗ്രഹിക്കുന്നത് എന്ന ഉറച്ച വിശ്വാസത്തിലാണ് പി.രാജീവ്. എന്നാൽ ഇരുമുന്നണികളെയും അട്ടിമറിച്ച് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാർഥി പി.എസ് ജയരാജനും മത്സര രംഗത്തുള്ളത്. രാഷ്‌ട്രീയ പോരാട്ടത്തിൽ കളമശ്ശേരിയുടെ ചരിത്രം ആവർത്തിക്കുമോ അതോ തിരുത്തിക്കുറിക്കുമോ എന്നറിയാൻ മെയ് രണ്ട് വരെ കാത്തിരിക്കാം.: