എറണാകുളം:കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിനതടവ്. കണ്ണൂർ സ്വദേശി തടിയന്‍റവിട നസീർ, പെരുമ്പാവൂർ സ്വദേശി സാബിർ ബുഹാരി എന്നിവർക്കാണ് ഏഴ് വർഷം തടവ് വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയായ പറവൂർ സ്വദേശി താജുദീന് ആറ് വർഷം തടവുമാണ് ശിക്ഷ.
തടിയന്‍റവിട നസീറും സാബിര്‍ ബുഹാരിയും ഒന്നേമുക്കാൽ ലക്ഷം പിഴ അടയ്‌ക്കണം. താജുദീന്‍, ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് പിഴയായി നല്‍കേണ്ടത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി, ശിക്ഷാകാലാവധിയായി പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
കുറ്റപത്രം സമർപ്പിച്ചത് 2010ൽ:മൂന്നുപേരും എൻ.ഐ.എ. കോടതി മുന്‍പാകെ കുറ്റസമ്മതം നടത്തിയിരുന്നു. നേരത്തെ, കുറ്റംസമ്മതിച്ച മറ്റൊരു പ്രതിയായ പറവൂർ സ്വദേശി കെ.എ അനൂപിനെ കോടതി ആറുവർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എൻ.ഐ.എ 2010ൽ കുറ്റപത്രം സമർപ്പിച്ചത്.