എറണാകുളം: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപിന്‍റെ മകൻ പ്രവീൺ ആണ് (26) മരിച്ചത്. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. പ്രവീണിന്‍റെ അമ്മ സാലിയും (46) സഹോദരി ലിബ്‌നയും (12) സ്ഫോടനത്തിൽ പരിക്കേറ്റ് കളമശ്ശേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ നേരത്തെ മരണപ്പെട്ടിരുന്നു.
സഹോദരൻ രാഹുലിനും കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. സാലിയും മൂന്ന് മക്കളുമാണ് കളമശ്ശേരി സാമ്രാ സെന്‍ററിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുത്തത്. ജോലിത്തിരക്കായതിനാലാണ് പ്രദീപ് കൺവെൻഷനിൽ പങ്കെടുക്കാതിരുന്നത്. സാലിയും മക്കളും സ്ഥിരമായി യഹോവ സാക്ഷികളുടെ പരിപാടിയിൽ പങ്കെടുക്കാറുണ്ടായിരുന്നു.
നിലവിൽ ചികിത്സയിലുള്ളത് 11 പേർ: സ്ഫോടനത്തിൽ പരിക്കേറ്റ ആകെ 11രോഗികളാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. അതിൽ ആറ് പേർ ഐസിയുവിലും അഞ്ച് പേർ വാർഡുകളിലുമാണ്. അതേസമയം, കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിൻ റിമാൻഡിലാണ്. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് പ്രതിയെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു.
പൊലീസിനെതിരെ പരാതിയില്ലെന്നും അഭിഭാഷകന്‍റെ സഹായം ആവശ്യമില്ലെന്നും ഡൊമിനിക്ക് കോടതിയിൽ ആവർത്തിച്ചു. പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രതി ഡൊമിനിക്ക് മാർട്ടിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. നല്ല രീതിയിലാണ് അന്വേഷണ സംഘം പെരുമാറിയതെന്നും ഡൊമിനിക്ക് കോടതിയിൽ വ്യക്തമാക്കി.
ഈ മാസം 29നാണ് ഡൊമിനിക്ക് മാർട്ടിന്‍റെ റിമാൻഡ് കാലാവധി അവസാനിക്കുക. പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതിയെ സ്ഫോടനം നടത്തിയ കളമശ്ശേരി സാമ്രാ കൺവെൻഷൻ സെന്‍റർ, ബോംബ് നിർമിക്കാൻ ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങിയ പള്ളിമുക്കിലെ കട, പെട്രോൾ വാങ്ങിയ തൃപ്പൂണിത്തുറയിലെ പമ്പ്, പടക്കകട, കൊരട്ടിയിൽ മുറിയെടുത്ത ഹോട്ടൽ എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ഡൊമിനിക്ക് കീഴടങ്ങിയ കൊടകര പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച ഇയാളുടെ വാഹനത്തിൽ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ട് കൺട്രോളുകളും തെളിവെടുപ്പിൽ കണ്ടെടുത്തിരുന്നു. സ്ഫോടനം നടത്തിയത് താൻ തന്നെയെന്ന് തെളിയിക്കാനാവശ്യമായ തെളിവുകൾ പ്രതി തന്നെ പൊലീസിന് കൈമാറിയിരുന്നു.
സാധാരണ കുറ്റവാളികൾ തെളിവുകൾ നശിപ്പിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ മാർട്ടിൻ ബില്ലുകൾ സഹിതം തെളിവുകൾ പൊലീസിന് കൈമാറുകയായിരുന്നു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം മറ്റാരും ഏറ്റെടുക്കാതിരിക്കാനാണ് ഇത്തരത്തിൽ തെളിവുകൾ ശേഖരിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു.
Also read:കളമശ്ശേരി സ്‌ഫോടനം : മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
'അഭിപ്രായ ഭിന്നത രേഖപ്പെടുത്തി വിശ്വാസത്തിൽ നിന്ന് അകന്നു': തമ്മനത്ത് വാടക വീട്ടില്‍ കുടുംബവുമൊത്ത് താമസിച്ചു വരികയായിരുന്നു ഡൊമിനിക്ക് മാർട്ടിൻ. ഏറെക്കാലം യഹോവ സാക്ഷികളോടൊപ്പം പ്രവര്‍ത്തിച്ച ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഭിപ്രായ ഭിന്നത രേഖപ്പെടുത്തി വിശ്വാസത്തില്‍ നിന്നും അകന്നത്. ഇത് വലിയ വെറുപ്പായി മാറുകയും പ്രതി കുറ്റകൃത്യത്തിലേക്ക് നീങ്ങുകയുമായിരുന്നു.
പ്രതിയുടെ ഉടമസ്ഥതയിലുള്ള അത്താണിയിലെ അപ്പാർട്ട്മെന്‍റിൽ എത്തിച്ച് വിശദമായ തെളിവെടുപ്പാണ് പൊലീസ് നടത്തിയത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിൽ വച്ച് പ്രതി മാർട്ടിൻ സ്ഫോടക വസ്‌തു നിർമിച്ചുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. വ്യക്തമായ ആസൂത്രണത്തോടെ തൃപ്പൂണിത്തുറയിലെ പടക്ക കടകളിൽ നിന്ന് ശക്തിയേറിയ പടക്കങ്ങളും എറണാകുളത്തെ പമ്പിൽ നിന്ന് പെട്രോളും ഇവിടെ എത്തിച്ചിരുന്നു.
സ്ഫോടനം നടത്തിയ ഞായറാഴ്‌ച (ഒക്‌ടോബർ 29) പുലർച്ചെ അഞ്ച് മണിയോടെ പ്രതി തമ്മനത്തെ വീട്ടിൽ നിന്നും ഇരുചക്ര വാഹനത്തിൽ അത്താണിയിൽ എത്തിച്ചേരുകയായിരുന്നു. ഇതിനു ശേഷം ഇവിടെ വെച്ച് നേരത്തെ തയ്യാറാക്കി സ്ഫോടക വസ്‌തുക്കൾ റിമോട്ട് സംവിധാനവുമായി കൂട്ടി ചേർത്ത്, കളമശ്ശേരിയില യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്‍ററിൽ എത്തുകയും സ്ഫോടനം നടത്തുകയായിരുന്നു.