എറണാകുളം :കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ സ്വദേശിനി കുമാരിയാണ് മരിച്ചത്. 53 വയസായിരുന്നു. 90 ശതമാനത്തിലേറെ പൊളളലേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കവെയാണ് മരണം. ഇതോടെ കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.
അതേസമയം ഇന്ന് രാവിലെ കളമശ്ശേരിയിലെ യഹോവ സാക്ഷി പ്രാർത്ഥനാ യോഗത്തിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. എന്നാൽ ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം 90 ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ട് വയസ്സുകാരന്‍റെ നില ഗുരുതരമായി തുടരുകയാണ്.
ALSO READ:Dominic Martin Arrest: കളമശ്ശേരി സ്‌ഫോടനക്കേസ്; പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തി, നാളെ കോടതിയില്‍ ഹാജരാക്കും
പ്രതി അറസ്‌റ്റിൽ:കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതിയായ ഡൊമിനിക്ക് മാർട്ടിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതിയായ ഡൊമിനിക്ക് മാർട്ടിനെ അറസ്‌റ്റ് ചെയ്‌തത്. ഡൊമിനിക്ക് മാർട്ടിനെ ചൊവ്വാഴ്‌ച (31.10.2023) രാവിലെ കോടതിയിൽ ഹാജരാക്കും.
അതേസമയം സംഭവത്തിൽ രാവിലെ യഹോവ സാക്ഷികളുടെ കൺവൻഷനിൽ സ്ഫോടനം നടത്തുകയും മൂന്നുപേർ മരിക്കുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതി ഡൊമിനിക്ക് മാർട്ടിന്‍ സ്വമേധയാ കൊടകര സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
അതേസമയം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വീഡിയോയിലൂടെ സ്ഫോടനം നടത്തിയത് താനാണെന്നും, യഹോവാ സാക്ഷികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന താൻ അവരുമായുള്ള ശക്തമായ എതിർപ്പ് കാരണമാണ് ഇത്തരമൊരു പ്രവർത്തനം നടത്തിയതെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും യുഎപിഎയിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
ALSO READ:Kalamassery Blast All Party Meeting: ഒറ്റക്കെട്ടായി കേരളം; രാജ്യവിരുദ്ധമായ കിംവദന്തികള്‍ അനുവദിക്കില്ലെന്ന് സര്‍വകക്ഷി യോഗം
സര്‍വകക്ഷി യോഗം:കളമശ്ശേരി സ്‌ഫോടനവുമായ് ബന്ധപ്പെട്ട് രാജ്യവിരുദ്ധമായ കിംവദന്തികള്‍ക്കെതിരെ ജാഗ്രത ഉണ്ടാകണമെന്ന പ്രമേയം സര്‍വകക്ഷി യോഗം ഏകകണ്‌ഠമായി അംഗീകരിച്ചു (All Party Meeting On Kalamassery Blast).
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ചേർന്ന സര്‍വകക്ഷി യോഗത്തില്‍ പ്രമേയത്തെ ആരും എതിര്‍ത്തിരുന്നില്ല.
കേരളത്തിന്‍റെ പൊതുസാമൂഹിക സാഹചര്യം ഇല്ലാതാക്കാന്‍ വ്യഗ്രതയുള്ളവര്‍ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ എന്ത് വില കൊടുത്തും അതിജീവിക്കണമെന്നും ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടര്‍ത്തി സമൂഹത്തില്‍ സ്‌പര്‍ധ വളര്‍ത്താനുള്ള ശ്രമങ്ങളെ മുളയിലെ നുള്ളണമെന്നും പ്രമേയത്തില്‍ പറയുന്നു (All party meeting decisions).
ഒരു വിശ്വാസ പ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം അനുവദിച്ചുകൂടായെന്നും ഒരു വ്യക്തിയേയോ സമൂഹത്തിനെയോ സമുദായത്തെയോ സംശയത്തോടെ കാണാന്‍ അനുവദിക്കാന്‍ പാടില്ലെന്നും ഭരണഘടനയിലെ മത നിരപേക്ഷത, വ്യക്തി സ്വാതന്ത്ര്യം, സാമൂഹ്യ സുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നി നില്‍ക്കുന്ന വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്‍റെ പരിരക്ഷയ്ക്ക് എല്ലാ വിധ സംരക്ഷത്തിന്‍റെയും ഉറപ്പുണ്ടാകുമെന്നും പ്രമേയത്തിൽ വ്യക്തമാക്കി.