എറണാകുളം: ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് കളമശ്ശേരി സാമ്രാ കൺവെൻഷൻ സെന്‍ററില്‍ വൻ സ്ഫോടനമുണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷനിടെയാണ് സ്ഫോടനം. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഒരു സ്ത്രീ മരിച്ചു. ആറ് പേരുടെ നില അതീവ ഗുരുതരമാണ്. 18 പേർ ഐസിയുവില്‍ ചികിത്സയിലുണ്ട്. പരിക്കേറ്റ 36 പേരാണ് ആകെ ചികിത്സയിലുള്ളത് (Kalamassery Blast Latest Updates ).
പരിക്കേറ്റവരെ ആരോഗ്യമന്ത്രി വീണ ജോർജ്, മന്ത്രിമാരായ വിഎൻ വാസവൻ, ആന്‍റണി രാജു, കെ രാജൻ, വി അബ്‌ദുറഹ്‌മാൻ എന്നിവർ സന്ദർശിച്ചു (Ministers visited the injured). പരിക്കേറ്റവർ കളമശ്ശേരി മെഡിക്കല്‍ കോളജ്, ആസ്റ്റർ മെഡിസിറ്റി, സൺറൈസ്, രാജഗിരി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. കൺവെൻഷൻ സെന്‍ററില്‍ പ്രാർഥന തുടങ്ങി മിനിട്ടുകൾക്കുള്ളില്‍ സ്ഫോടനമുണ്ടായെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആദ്യം ഒരു പൊട്ടിത്തെറിയും പിന്നാലെ തുടർ സ്ഫോടനവുമുണ്ടായി.
കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം (High alert in Kerala) പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് പട്രോളിങും പരിശോധനയും നടത്താനാണ് നിർദേശം. ഷോപ്പിങ് മാളുകൾ, ചന്തകൾ, കൺവെൻഷൻ സെന്‍ററുകൾ, സിനിമ തിയേറ്ററുകൾ, ബസ്-റെയില്‍വേ സ്റ്റേഷനുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാർഥനാലയങ്ങൾ, ആളുകൾ കൂട്ടം ചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമാക്കാനാണ് നിർദേശം (Extensive inspection due to bomb blast).
കൊച്ചിയില്‍ കൺട്രോൾ റൂം: കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം കലക്‌ടറേറ്റില്‍ കൺട്രോൾ റൂം തുറന്നു (Control room opened at Ernakulam Collectorate). ഫോൺ: 0484-2423513. ഡിജിപി ഷേഖ് ദർവേസ് സാഹിബ്, എഡിജിപി എംആർ അജിത് കുമാർ എന്നിവർ സംഭവ സ്ഥലത്ത് എത്തി. സ്ഫോടനം സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കാൻ കേരള പൊലീസ് പ്രത്യേക അന്വേഷണ സഘത്തെ തീരുമാനിച്ചിട്ടുണ്ട്.