എറണാകുളം:കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക്ക് മാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള അത്താണിയിലെ അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് അന്വേഷണത്തിന് തുടക്കമിട്ട് പൊലീസ്. ഇന്നലെ (ഒക്‌ടോബര്‍ 29) വൈകിട്ട് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സ്ഥിരം അപ്പാര്‍ട്ട്‌മെന്‍റില്‍ വരാത്ത ഡൊമിനിക് വെള്ളിയാഴ്‌ച സ്ഥലത്തെത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അപ്പാര്‍ട്ട്‌മെന്‍റ് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത് (Police Investigation in Kalamassery blast case ).
തമ്മനത്തെ വാടക വീട്ടില്‍ താമസിക്കുന്ന പ്രതി പുലര്‍ച്ചെ അഞ്ച് മണിയോടെ വീട്ടില്‍ നിന്നിറങ്ങി ഏഴുമണിയോടെയാണ് കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍റില്‍ എത്തിയത്. അതിനിടെ അത്താണിയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ എത്തിയിരുന്നോവെന്നതാണ് പൊലീസ് പരിശോധിക്കുന്നത്. അപ്പാര്‍ട്ട്‌മെന്‍റിലെ താമസക്കാര്‍ ശനിയാഴ്‌ച സ്വന്തം വീടുകളിലേക്ക് പോകുകയും തിങ്കളാഴ്‌ച രാവിലെ തിരിച്ചെത്തുകയുമാണ് പതിവ്. അപ്പാര്‍ട്ട്‌മെന്‍റില്‍ ആളില്ലാത്ത സമയത്ത് ഇയാള്‍ ബോംബ് നിര്‍മിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഞായറാഴ്‌ച പുലർച്ചെ തമ്മനത്തെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കൈയില്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ഡൊമിനിക്കിന്‍റെ ഭാര്യ പൊലീസിന് മൊഴി നൽകിയത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസിനോട് തുറന്നുപറഞ്ഞ പ്രതി ഇത് മറച്ചുവയ്‌ക്കുമോയെന്ന സംശയവും ഉയരുന്നുണ്ട്. അതേ സമയം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഡൊമിനിക്ക് മാർട്ടിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്.
പ്രതി നൽകുന്ന കാര്യങ്ങളിൽ പലതും അവിശ്വസനീയമായതിനാൽ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. സ്വന്തമായി ഒരാൾക്ക് ചെയ്യാൻ കഴിയുന്നതിന് അപ്പുറമുള്ള കാര്യങ്ങളാണ് പ്രതി ചെയ്‌തത്. അതുകൊണ്ട് ഇതിന് പിന്നിൽ മറ്റാരുടെയും സഹായമോ പ്രേരണയോ ലഭിച്ചോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇയാൾ ദുബായിൽ ജോലി ചെയ്‌ത വേളയിൽ ഉണ്ടായിരുന്ന ബന്ധങ്ങൾ ഉൾപ്പടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.