എറണാകുളം : കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിൻ നവംബര്‍ 29 വരെ റിമാന്‍ഡില്‍ തുടരും. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്ന് (നവംബര്‍ 15) പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു (Kalamassery Blast Case Updates).
പൊലീസിനെതിരെ പരാതിയില്ലെന്നും നല്ല രീതിയിലാണ് അന്വേഷണ സംഘം പെരുമാറിയതെന്നും ഡൊമിനിക്ക് കോടതിയിൽ വ്യക്തമാക്കി. തനിക്ക് അഭിഭാഷകന്‍റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം കോടതിയിൽ ആവർത്തിച്ചു. അതേസമയം പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല (Dominic Martin Remanded).
പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതിയെ സ്ഫോടനം നടത്തിയ കളമശ്ശേരി സാമ്രാ കൺവെൻഷൻ സെന്‍ററിലും ഇയാൾ ബോംബ് നിർമിക്കാൻ ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങിയ പള്ളിമുക്കിലെ കട, പെട്രോൾ വാങ്ങിയ തൃപ്പൂണിത്തുറയിലെ പമ്പ്, പടക്ക കട, കൊരട്ടിയിൽ മുറിയെടുത്ത ഹോട്ടൽ എന്നിവിടങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഡൊമിനിക്ക് കീഴടങ്ങിയ കൊടകര പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച ഇയാളുടെ വാഹനത്തിൽ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ട് കൺട്രോളുകളും തെളിവെടുപ്പിൽ കണ്ടെടുത്തിരുന്നു. സ്ഫോടനം നടത്തിയത് താൻ തന്നെയെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകൾ പ്രതി തന്നെ പൊലീസിന് കൈമാറിയിരുന്നു.
സാധാരണ കുറ്റവാളികൾ തെളിവുകൾ നശിപ്പിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ മാർട്ടിൻ ബില്ലുകൾ സഹിതം തെളിവുകൾ നിർമിച്ച് പൊലീസിന് കൈമാറുകയായിരുന്നു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം മറ്റാരും ഏറ്റെടുക്കാതിരിക്കാനാണ് ഇത്തരത്തിൽ തെളിവുകൾ ശേഖരിച്ചതെന്ന് പ്രതി മൊഴി നൽകിയിരുന്നു.