എറണാകുളം :കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതിയായ ഡൊമനിക് മാർട്ടിന്‍ 10 ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ. ഈ മാസം 15 വരെയാണ് കസ്‌റ്റഡിയിൽ വിട്ടത്. എറണാകുളം ജില്ല സെഷൻസ് കോടതിയാണ് കസ്‌റ്റഡി ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി പരിഗണിച്ചത്. പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ അടക്കം അന്വേഷിക്കണമെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട് (Kalamassery Blast Accused Dominic Martin In Custody For 10 days).
10 ദിവസത്തെ കസ്‌റ്റഡി ആവശ്യമുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിപി ശശിധരനോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസ് ചോദിച്ചപ്പോൾ സ്ഫോടക വസ്‌തുക്കളുടെ ചില ഉറവിടങ്ങൾ, സാമ്പത്തികവും സാങ്കേതികവുമായ സ്രോതസുകൾ, അദ്ദേഹത്തിന്‍റെ രാജ്യാന്തര ബന്ധങ്ങൾ എന്നിവയെക്കുറിച്ച് പൊലീസിന് അന്വേഷിക്കേണ്ടതുണ്ടെന്നും 10 ലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നുമായിരുന്നു മറുപടി.
അതേസമയം പൊലീസ് പീഡിപ്പിക്കുകയായിരുന്നോ എന്ന് കോടതി ഡൊമിനിക് മാർട്ടിനോട് ചോദിച്ചപ്പോൾ പ്രതി നിഷേധിക്കുകയും പൊലീസിന്‍റെ നല്ല പെരുമാറ്റത്തിന് നന്ദി അറിയിക്കുകയും ചെയ്‌തു. കൂടാതെ താൻ ആരോഗ്യവാനാണെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും ഡൊമിനിക് മാർട്ടിൻ കോടതിയെ അറിയിച്ചു.
അതേസമയം പ്രതിക്ക് നിയമസഹായം ആവശ്യമുണ്ടോ എന്ന് കോടതിയുടെ ചോദ്യത്തിന് വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിക്ക് എപ്പോൾ വേണമെങ്കിലും നിയമസഹായം തേടാമെന്നും കോടതി പറഞ്ഞു. പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി കൊച്ചി പൊലീസിന്‍റെ നേതൃത്വത്തിൽ വൈദ്യപരിശോധന നടപടികൾ പൂർത്തീകരിച്ചിരുന്നു.
പൊലീസിന്‍റെ പ്രതികരണം: 'പ്രതി വളരെ ബുദ്ധിമാനും കഠിനാധ്വാനിയുമാണ്. അദ്ദേഹത്തിന് ഉയർന്ന ശമ്പളമുള്ള ജോലിയുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രതിയെ എറണാകുളം അത്താണിയിലെ വസതിയിലേക്ക് കൊണ്ടുപോയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി രംഗങ്ങൾ പുനഃസൃഷ്‌ടിച്ചു. ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകളാണ് സ്‌ഫോടനത്തിന് കാരണമായത്'-പൊലീസ് പറഞ്ഞു.