എറണാകുളം: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിനെ അത്താണിയിലെ അപ്പാർട്ട്മെന്‍റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഡിസിപി എസ് ശശിധരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കറുത്ത തുണി ഉപയോഗിച്ച് മുഖം മറച്ച നിലയിലാണ് അത്താണിയിൽ എത്തിച്ചത് (Kalamassery blast Accused Dominic Martin brought to Athani for evidence).
പ്രതിയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിൽ വെച്ചാണ് സ്‌ഫോടക വസ്‌തു നിർമ്മിച്ചതെന്നാണ് സംശയിക്കുന്നത്. തമ്മനത്തെ വീട്ടിൽ വച്ചും ഐഇഡി തയ്യാറാക്കിയ ശേഷം അത്താണിയിലെ അപ്പാർട്ട്മെന്‍റിലെത്തി സ്‌ഫോടക വസ്‌തുക്കളുമായി സംയോജിപ്പിച്ചുവെന്നാണ് കരുതുന്നത്. വാടകയ്‌ക്ക് നൽകിയിരിക്കുന്ന ഈ അപ്പാർട്ട്മെന്‍റിൽ ഉടമസ്ഥൻ എന്ന നിലയിൽ ഇയാൾക്കൊരു മുറിയുണ്ടായിരുന്നു.
മാത്രവുമല്ല ശനി, ഞായർ ദിവസങ്ങളിൽ ഇവിടെ വാടകയ്‌ക്ക് താമസിക്കുന്നവർ ഉണ്ടാകാറുമില്ല. ഈയൊരു സാഹചര്യം ഉയോഗപ്പെടുത്തി ടെറസിന് മുകളിൽ വച്ചാകാം സ്‌ഫോടക വസ്‌തു നിർമിച്ചതെന്നാണ് കരുതുന്നത്. വ്യക്തമായ ആസൂത്രണത്തോടെ തൃപ്പൂണിത്തുറയിലെ പടക്കകടകളിൽ നിന്ന് ശക്തിയേറിയ പടക്കങ്ങളും എറണാകുളത്തെ പമ്പിൽ നിന്ന് പെട്രോളും ഇവിടെ എത്തിച്ചിരുന്നു.
സ്‌ഫോടനം നടത്തിയ ഞായറാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെ ഡൊമിനിക്ക് തമ്മനത്തെ വീട്ടിൽ നിന്നും ഇരുചക്ര വാഹനത്തിൽ അത്താണിയിൽ എത്തിച്ചേരുകയായിരുന്നു. ഇതിനു ശേഷം ഇവിടെ വെച്ച് നേരത്തെ തയ്യാറാക്കി സ്‌ഫോടക വസ്‌തുകൾ റിമോട്ട് സംവിധാനവുമായി കൂട്ടി ചേർത്ത്, കളമശ്ശേരിയില യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്‍ററിൽ എത്തുകയായിരുന്നു.
സാധാരണ ഇവിടെ വരാത്ത ഡൊമിനിക് മാർട്ടിൻ വെള്ളിയാഴ്‌ച ഇവിടെ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തമ്മനത്തെ വാടക വീട്ടിൽ നിന്നും പുലർച്ചെ അഞ്ചുമണിയോടെ ഇറങ്ങിയ പ്രതി ഏഴ് മണിയോടെയാണ് കളമശ്ശേരിയിലെ കൺവെൻഷൻ സെന്‍ററിൽ എത്തിയത്. അതിനിടയിൽ അത്താണിയിലെ അപ്പാർട്ട്മെന്‍റിൽ എത്തിയിരുന്നുവെന്ന പൊലീസിന്‍റെ സംശയം ശരിവെക്കുന്നതാണ് പ്രതി നൽകിയ മൊഴികൾ.
ഞായറാഴ്‌ച പുലർച്ചെ തമ്മനത്തെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഡൊമിനിക്കിന്‍റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല എന്നായിരുന്നു ഇയാളുടെ ഭാര്യ പൊലീസിന് മൊഴി നൽകിയത്. ഇതോടെയാണ് അത്താണിയിലെ അപ്പാർട്ട്മെന്‍റ് കളമശ്ശേരി സ്‌ഫോടനത്തിന്‍റെ ആസൂത്രണ കേന്ദ്രമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ആദ്യത്തെ തെളിവെടുപ്പ് അത്താണിയിൽ നടത്തിയത്. ഇവിടെ പ്രതി ഉപയോഗിച്ചിരുന്ന മുറിയിലും, ടെറസിലും ഡൊമിനിക് മാർട്ടിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി.