എറണാകുളം: കളമശ്ശേരി ദത്ത് വിവാദവുമായി ബന്ധപ്പെട്ട കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതിമാർക്ക് കൈമാറി. കുഞ്ഞിനെ കൈമാറുന്നതിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി ചൈൽഡ് വെൽഫയർ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇത് അനുസരിച്ചാണ് കുഞ്ഞിനെ താത്കാലിക സംരക്ഷണത്തിനായി കൈമാറിയത്.
കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാല്ലെന്ന് യഥാർഥ മാതാപിതാക്കൾ അറിയിച്ചിരുന്നു. ആലുവ സ്വദേശിയായ സ്ത്രീ കളമശ്ശേരി മെഡിക്കൽ കോളജിൽ വച്ച് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇവരുടെ സുഹൃത്ത് വഴി അനധികൃതമായി തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ്, സുനിത ദമ്പതിമാർക്ക് കുഞ്ഞിനെ നൽകുകയായിരുന്നു.
സംഭവം പുറത്ത് അറിഞ്ഞതോടെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി കേസെടുക്കുകയും നിയമ വിരുദ്ധമായി ദത്തെടുത്ത കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്‌തത്. തൃപ്പൂണിത്തുറ സ്വദേശികൾ കുഞ്ഞിനു വേണ്ടി മെഡിക്കൽ കോളജിൽ വച്ച് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം വിവാദമായത്. 2022 ഓഗസ്റ്റിൽ ആലുവ സ്വദേശിക്ക് കളമശ്ശേരി മെഡിക്കൽ കോളജിൽ ജനിച്ച പെൺകുട്ടിക്ക് സെപ്‌റ്റംബർ 27ന് ജനന സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
എന്നാൽ, ജനന സർട്ടിഫിക്കറ്റിനായി നൽകിയ വിലാസം ഉൾപ്പെടെ വ്യാജമായിരുന്നു. ഇതേ കുട്ടിക്ക് വേണ്ടിയാണ് ഫെബ്രുവരി ഒന്നാം തീയതി കളമശേരി മെഡിക്കൽ കോളജ് അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാർ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത്. നിയമ വിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് വേണ്ടി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിർമിച്ച സംഭവം പുറത്ത് വന്നതോടെയായിരുന്നു ഈ വിഷയത്തിൽ പൊലീസ് കേസെടുക്കുകയും, സിഡബ്ല്യൂസി അന്വേഷണം തുടങ്ങുകയും ചെയ്‌തത്.