എറണാകുളം :കാക്കനാട് ഓഹരി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. ഓഹരി വിപണിയില്‍ മുതല്‍മുടക്കിയാല്‍ വന്‍ ലാഭം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരവധി പേരില്‍ നിന്നായി ദമ്പതികള്‍ കോടികളാണ് തട്ടിയെടുത്തത്. നൂറിലധികം പേര്‍ പരാതിക്കാരാകുകയും തട്ടിപ്പിന്‍റെ വ്യാപ്‌തി കൂടുകയും ചെയ്‌ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനൊരുങ്ങുന്നത്.
തട്ടിപ്പ് കേസില്‍ കാക്കനാട് പ്രവര്‍ത്തിച്ചിരുന്ന മാസ്റ്റേഴ്‌സ് ഗ്രൂപ്പ് സ്ഥാപന ഉടമകളായ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ തൃക്കാക്കര പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഡല്‍ഹിയില്‍വച്ചായിരുന്നു ഇരുവരുടെയും അറസ്റ്റ്. ദുബായില്‍ നിന്നും കേരളത്തിലേക്ക് വരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
ഇവര്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിമാനത്താവള അധികൃതര്‍ ഇവരെ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്.
അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് തിങ്കളാഴ്‌ച കോടതിയില്‍ അപേക്ഷ നല്‍കും. തട്ടിപ്പിലൂടെ സമാഹരിച്ച പണം എവിടെയെല്ലാം നിക്ഷേപിച്ചുവെന്ന് പൂർണമായി കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. തട്ടിപ്പിന് കൂടുതൽ പേർ കൂട്ടുനിന്നിട്ടുണ്ടോ എന്നതും വ്യക്തമാകേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ ഒരു പങ്ക് എബിൻ, ഗോവയിൽ ചൂതാട്ടത്തിന് വേണ്ടിയും കൊച്ചിയിൽ സൂപ്പർ മാർക്കറ്റുകൾ തുടങ്ങുന്നതിനും രണ്ട് ആഡംബര ഫ്ലാറ്റുകൾ വാങ്ങുന്നതിനും ചെലവഴിച്ചതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാസ്‌റ്റേഴ്‌സ് ഫിൻ കോർപ്പ്, മാസ്‌റ്റേഴ്‌സ് ഫിൻ സെർവ്, മാസ്‌റ്റേഴ്‌സ് ഫിൻ കെയർ, മാസ്‌റ്റേഴ്‌സ് ആർസിസി എന്നീ സ്ഥാപനങ്ങൾ വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
സാമ്പത്തിക ഭദ്രതയുള്ളവരെ കണ്ടെത്തി ഓഹരി വിപണിയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ പതിനെട്ട് ശതമാനത്തിൽ കൂടുതൽ ലാഭ വിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രവാസികൾ, സിനിമ താരങ്ങൾ ഉൾപ്പടെയുള്ളവരിൽ നിന്നാണ് കോടികൾ തട്ടിയെടുത്തത്. സംഭവത്തില്‍ ഇതുവരെ 121 പേരാണ് പരാതിപ്പെട്ടിട്ടുള്ളത്.
ആദ്യഘട്ടത്തിൽ വലിയ തുക ലാഭ വിഹിതമായി നൽകി വിശ്വാസം നേടിയെടുത്ത് പ്രതികൾ ഇടപാടുകാരെ കൂടുതൽ തുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. എട്ട് വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ സ്ഥാപനം കഴിഞ്ഞ മാർച്ച് വരെ ലാഭം നൽകി. തുടർന്നാണ് ലാഭ വിഹിതം നൽകുന്നത് മുടങ്ങുകയും നടത്തിപ്പുകാർ മുങ്ങുകയും ചെയ്‌തത്. ഇതിന് പിന്നാലെയാണ് തൃക്കാക്കര പൊലീസില്‍ പരാതിയുമായി നിരവധി പേരെത്തിയത്.