എറണാകുളം:കാക്കനാട് മോഡലിനെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ലോഡ്‌ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പ്രതികൾക്കായാണ് അന്വേഷണം തുടരുന്നത്. കേസില്‍ രണ്ടാം പ്രതിയായ സലിംകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ മലപ്പുറം സ്വദേശിനിയായ മോഡലിനെ കാക്കനാട് ഇടച്ചിറയിലെ ക്രിസ്റ്റീന റസിഡന്‍സിയില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കൊച്ചിയിൽ ഫോട്ടോഷൂട്ടിനായി എത്തിയതായിരുന്നു 27കാരിയായ യുവതി. ഇവരുടെ പരിചയക്കാരനായ ആലപ്പുഴ സ്വദേശി സലിംകുമാര്‍ യുവതിക്ക് ലോഡ്ജില്‍ താമസം ശരിയാക്കി നല്‍കി.
Also Read: കാസർകോട് പെർളയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
ലോഡ്‌ജ് ഉടമയായ സ്ത്രീയുടെ സഹായത്തോടെ മദ്യത്തിലും ശീതള പാനീയത്തിലും മയക്കുമരുന്ന് നല്‍കി യുവതിയെ അര്‍ദ്ധ ബോധാവസസ്ഥയിലാക്കി. തുടര്‍ന്ന് സലിംകുമാറും സുഹൃത്തുക്കളായ അജ്മല്‍, ഷമീര്‍ എന്നിവരും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇവ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. ലോഡ്‌ജില്‍ നിന്നും രക്ഷപെട്ട ശേഷം ഇര ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. പ്രതി സലിംകുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ബലാത്സംഗ കേസ് ഉള്‍പ്പെടെ ഐടി ആക്ട് പ്രകാരമാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്.