കൈവല്യ പദ്ധതി; ഭിന്നശേഷിക്കാരെ അവഗണിക്കുന്നുവെന്ന് പരാതി - കൈവല്യ പദ്ധതി
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായുള്ള കൈവല്യ വായ്‌പാപദ്ധതിയെക്കുറിച്ച് കലക്‌ടറേറ്റില്‍ അന്വേഷിക്കുമ്പോള്‍ ഫണ്ട് ഇല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
എറണാകുളം: കൈവല്യ പദ്ധതിയിൽ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന ഭിന്നശേഷിക്കാർക്ക് എത്രയും വേഗം ലോൺ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ കേരള വീൽച്ചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ചിന് മുന്നിൽ ഉപരോധസമരം സംഘടിപ്പിച്ചു. എൽദോസ് കുന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഭിന്നശേഷിക്കാർക്ക് വേണ്ടി നടപ്പാക്കിയ കൈവല്യ പദ്ധതിയിൽ അപേക്ഷ കൊടുത്ത് ആയിരങ്ങളാണ് കാത്തിരിക്കുന്നത്. വളരെ പ്രതീക്ഷയോടെ ഈ സംരംഭത്തെ കണ്ടവരെ അവഗണിക്കുന്ന നിലപാടാണ് സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ഭിന്നശേഷിക്കാരായ ബഹുഭൂരിപക്ഷം ആളുകളും സ്വന്തമായി തൊഴിലോ വരുമാനമോ ഇല്ലാത്തവരാണ്. കുടുംബത്തെയോ മറ്റുള്ളവരെയോ ആശ്രയിച്ചാണ് മിക്കവരും ജീവിക്കുന്നത്. ഭിന്നശേഷിക്കാർക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായുള്ള സബ്‌സിഡിയോടു കൂടിയ കൈവല്യ വായ്‌പാ പദ്ധതി ഏറെ പ്രതീക്ഷയാണ് ഭിന്നശേഷിക്കാരില്‍ ഉണര്‍ത്തിയത്. ഈ പദ്ധതിയിൽ വളരെ പ്രതീക്ഷ വെച്ച് അപേക്ഷ നൽകി കാത്തിരിക്കുന്ന ധാരാളം പേരുണ്ട്. നടക്കാന്‍ വയ്യാതെയും അരക്കു താഴേക്കു തളര്‍ന്നും വീല്‍ചെയറിലിരിക്കുന്നവര്‍ വളരെ കഷ്‌ടപ്പെട്ടാണ് അപേക്ഷ സമര്‍പ്പിക്കാനായി കലക്‌ടറേറ്റിലും മറ്റും വന്നു പോയത്. അപേക്ഷ നൽകിയതിന് ശേഷം കലക്‌ടറേറ്റുകളില്‍ വച്ചു നടത്തിയ മൂന്നുദിവസം നീളുന്ന ക്ലാസിലും ധാരാളം പ്രതിബന്ധങ്ങള്‍ നേരിട്ട് പലരും പങ്കെടുത്തു. കലക്‌ടറേറ്റില്‍ അന്വേഷിക്കുമ്പോള്‍ ഫണ്ട് ഇല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. കൈവല്യ പദ്ധതിക്കായി എത്രയും വേഗം ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും ഇതിലേക്ക് അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുന്ന അര്‍ഹരായവര്‍ക്കെല്ലാം പ്രസ്‌തുത പദ്ധതിപ്രകാരമുള്ള വായ്‌പാ അനുവദിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട നിവേദനം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് ഓഫീസർക്ക് സംഘടന ഭാരവാഹികൾ കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി, നാസർ ഹമീദ് ,നസീർ അലിയാർ, മണിശർമ്മ , ദിപാമണി, എന്നിവർ സംസാരിച്ചു. കെ.എം സുധാകരൻ, ഏ.വൈ ഏബ്രാഹം, റ്റി.ഒ പരീത്, ഉഷ കുവപ്പടി, അരുൺ, കെ. എം ബഷീർ എന്നിവർ നേതൃത്വം നൽകി.