എറണാകുളം:കേരള രാഷ്ട്രീയ ചരിത്രത്തിന് വലിയ മാറ്റം കുറിക്കുന്ന സമ്മേളനമായിരിക്കും യുവം പരിപാടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. കേരളത്തിൽ വികസനം പിന്നോട്ട് പോകുന്നതിന്‍റെ കാരണമാണ് യുവം സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുക. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ താത്‌പര്യം അറിയിച്ച് നിരവധിപേർ എത്തുന്നുണ്ട്. കേരളത്തിന്‍റെ വികസനം ആഗ്രഹിക്കുന്ന യുവജന കൂട്ടായ്‌മയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. കോൺഗ്രസും സിപിഎമ്മും നടത്തുന്ന കളളപ്രചരണം പരിപാടിയുടെ വിജയമാണ് കാണിക്കുന്നതെന്നും സുരേന്ദ്രന്‍ അറിയിച്ചു. കൊച്ചിയിൽ ക്രൈസ്‌തവ മത മേലധ്യക്ഷൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരുമുന്നണികള്‍ക്കും ഭീതി:ക്രൈസ്‌തവ സമൂഹത്തിനുള്ളിൽ വലിയ നിലപാട് മാറ്റം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ക്രൈസ്‌തവ ന്യൂനപക്ഷത്ത് നിന്ന് വികസനത്തിനു വേണ്ടിയുള്ള താത്‌പര്യമുണ്ട്. മോദി സർക്കാറിനോടുള്ള മനോഭാവത്തിൽ വലിയ മാറ്റമാണുള്ളതെന്നും അതുകൊണ്ടാണ് കോൺഗ്രസും സിപിഎമ്മും വിളറി പിടിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇത്രയും നാളും മാളത്തിലൊച്ച കെ.സുധാകരനൊക്കെ ഓരോരുത്തരെയും കാണാൻ ഇറങ്ങിയിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു.
ക്രൈസ്‌തവരെ പ്രകീര്‍ത്തിച്ച്:ക്രൈസ്‌തവ ന്യൂനപക്ഷത്തിന് കഴിഞ്ഞ ഒമ്പത് വർഷത്തെ മോദിയുടെ ഭരണത്തിലൂടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ അവസരം ലഭിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ വികസന പ്രവർത്തനങ്ങൾ അവിടെ മിഷണറി പ്രവർത്തിനും മറ്റുമായി പോകുന്നു കേരളത്തിലെ വൈദികരും കന്യാസ്ത്രീകളും കാണുകയാണ്. ക്രൈസ്‌തവ സമൂഹത്തിന്‍റെ നിലപാടുകൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണെന്നും കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമോയെന്ന ഭയപ്പാടിലാണ് രണ്ട് മുന്നണികളും ഈ വിഷയത്തെ സമീപിക്കുന്നതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.