എറണാകുളം : മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹിന്ദു മുസ്‌ലിം സമുദായത്തോടും സൗഹാര്‍ദത്തോടെ ജീവിക്കുന്നവരോടും ചിലര്‍ക്ക് അസഹിഷ്‌ണുതയുണ്ടെന്ന് കെ. സുരേന്ദ്രന്‍. ആര്‍എസ്എസ്- ജമാഅത്തെ ചര്‍ച്ചകള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ശനിയാഴ്‌ചയാണ് സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായെത്തിയത്.
മത ന്യൂനപക്ഷങ്ങള്‍ സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ കഴിയുന്നതില്‍ ചില ആളുകള്‍ക്ക് കടുത്ത അതൃപ്‌തിയും അസഹിഷ്‌ണതയുമുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. വ്യത്യസ്‌ത മനസും ചിന്താഗതികളുമുള്ളവര്‍ ഒത്തുചേരുന്നതില്‍ തെറ്റൊന്നുമില്ലെന്നും സിപിഎമ്മും കോണ്‍ഗ്രസും ഏപ്പോഴും ഈ രണ്ട് മതങ്ങളോടും പോരാടണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസും തന്നെയാണ് ഇത്തരത്തില്‍ വലിയ സഖ്യങ്ങള്‍ രൂപീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂനപക്ഷങ്ങള്‍ തമ്മിലുള്ള സൗഹൃദാന്തരീക്ഷത്തിലൂടെ തങ്ങളുടെ സ്ഥാനം നഷ്‌ടപ്പെടുമോയെന്ന ഭയമാണ് ഇത്തരക്കാര്‍ക്കെന്നും ഇക്കാലമത്രയും മുസ്‌ലിം വോട്ട് ബാങ്ക് രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിച്ചു വരികയായിരുന്നെന്നും ആര്‍എസ്‌എസിനെ കുറിച്ചുള്ള ഇത്തരം ചര്‍ച്ചകള്‍ സംസ്ഥാനത്ത് നല്ല അന്തരീക്ഷം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പുള്ളിപ്പുലിയെ കുളിപ്പിച്ച് പുള്ളിമാറ്റാമെന്ന് കരുതേണ്ട: മുഖ്യമന്ത്രിആര്‍എസ്‌എസുമായി എന്താണ് ചര്‍ച്ച ചെയ്‌തതെന്ന് ജമാഅത്തെ ഇസ്‌ലാമി നേതൃത്വം വ്യക്തമാക്കണമെന്ന് കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആ യോഗത്തിന്‍റെ ഉള്ളടക്കം എന്തായിരുന്നെന്നും മുഖ്യമന്ത്രി ആരാഞ്ഞിരുന്നു. സംവാദത്തിലൂടെയും പരിഷ്‌കരണത്തിലൂടെയും രൂപാന്തരപ്പെടുത്താനും നവീകരിക്കാനും കഴിയുന്ന സംഘടനയാണ് ആര്‍എസ്‌എസ് എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ യുക്തി. പുള്ളിപ്പുലിയെ കുളിപ്പിച്ച് പുള്ളിമാറ്റാമെന്ന് കരുതുന്നതിന് തുല്യമാണതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ''ജമാഅത്തെ ഇസ്‌ലാമിക്ക് ന്യൂനപക്ഷങ്ങളുടെ സമ്പൂര്‍ണ അവകാശം ആരാണ് നല്‍കിയത്. ചര്‍ച്ച നടത്തിയത് എന്തായാലും ന്യൂനപക്ഷങ്ങളെ സഹായിക്കാനല്ല. ന്യൂനപക്ഷ സംരക്ഷണം എന്നാല്‍ മതേതരത്വത്തിന്‍റെ സംരക്ഷണമാണ്.
മതേതരത്വം തകര്‍ക്കുന്നത് ആരാണെന്ന് അറിയാത്തവരാണോ ഇവരെന്നും'' മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഇത്തരക്കാരുമായി ചര്‍ച്ച നടത്തിയാല്‍ രാജ്യത്തെ മതേതരത്വവും ന്യൂനപക്ഷ സംരക്ഷണവും എങ്ങനെ സാധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു.