എറണാകുളം :മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യത്തിനായി കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു. രണ്ടാം തവണയും ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ സുധാകരൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. താൻ ആരെയും വഞ്ചിച്ചിട്ടില്ല, വഞ്ചനയ്‌ക്ക് കൂട്ട് നിന്നിട്ടില്ല, കൂടാതെ എഫ്.ഐ.ആറിലും പ്രഥമ വിവര മൊഴിയിലും തനിക്കെതിരെ ആരോപണങ്ങളില്ലെന്നും, ഒന്നര വർഷത്തിനു ശേഷം നേരിട്ട് ഹാജരാകാനാവശ്യപ്പെടുന്നത് സംശയത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ കെ സുധാകരൻ വാദമുന്നയിച്ചു.
പ്രതിഛായ തകർക്കാനുള്ള ശ്രമം : നിലവിലുള്ളത് രാഷ്‌ട്രീയ ആരോപണം മാത്രമാണ്. പൊതു സമൂഹത്തിൽ തന്‍റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണിതെന്നും മുൻകൂർ ജാമ്യ ഹർജിയിൽ സുധാകരൻ വ്യക്തമാക്കി. കേസിൽ രണ്ടാം പ്രതിയാണ് കെ.സുധാകരൻ. ഗൾഫിൽ നിന്നും തനിക്ക് ലഭിക്കാനുള്ള 2.62 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ തടഞ്ഞു വച്ചിരിക്കയാണെന്നും സുധാകരൻ ഇടപെട്ട് പണം വിട്ടുകിട്ടാൻ നടപടി ഉണ്ടാകുമെന്നുമായിരുന്നു പരാതിക്കാർക്ക് മോൻസൺ മാവുങ്കൽ നൽകിയ വാഗ്‌ദാനം.
തുടർന്ന് സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ മോൻസണ് കൈമാറിയെന്നും ഇതിൽ 10 ലക്ഷം സുധാകരൻ കൈപ്പറ്റിയെന്നും ആരോപണമുണ്ട്. നിലവിൽ കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. പണം നൽകിയ 2018 നവംബർ 22 ന് ഉച്ചക്ക് മോൻസന്‍റെ വീട്ടിൽ കെ സുധാകരന്‍റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോകളാണ് ഗാഡ്‌ജറ്റുകളിൽ നിന്ന് പൊലീസ് വീണ്ടെടുത്തിട്ടുള്ളത്.
രണ്ടാം തവണയും നോട്ടീസ് :പുരാവസ്‌തു തട്ടിപ്പ് കേസിൽ ജൂൺ 14 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് സുധാകരന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ സുധാകരൻ ജൂൺ 23 വരെ സാവകാശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ജൂൺ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് രണ്ടാമതും നോട്ടീസ് അയച്ചത്.