എറണാകുളം : കെ.വി തോമസിനെതിരെ ഹൈക്കമാന്‍ഡ് എടുക്കുന്ന നടപടി സ്വാഗതം ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസിൻ്റെ നിരവധി പ്രവർത്തകരെ വെട്ടിക്കൊന്ന സി.പി.എമ്മിൻ്റെ പ്ലാറ്റ്ഫോം ഉപയോഗിക്കരുത് എന്നാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും സുധാകരന് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.വി തോമസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വന്ന വിമർശനങ്ങൾ പാർട്ടി അറിഞ്ഞിട്ടില്ല.
വിമർശനങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനഫലമാണ്. ഒരു വർഷമായി കെ.വി തോമസ് സി.പി.എമ്മുമായി ബന്ധം തുടരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസിൽ സന്ദർശിക്കരുത് എന്ന് നേരത്തെ തന്നെ നിരവധി തവണ പറഞ്ഞിരുന്നു. പാർട്ടിയെ കെ.വി തോമസ് ഒറ്റുകൊടുത്തു.
കെ.വി തോമസ് സത്യസന്ധനാണെന്ന അഭിപ്രായമില്ല :പാർട്ടിയെ വഞ്ചിക്കുന്ന നടപടിയാണ് കെ.വി തോമസ് മാഷിൽ നിന്നുണ്ടായത്. അദ്ദേഹം സി.പി.എം സെമിനാറിൽ പോയതിനെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആരും അനുകൂലിക്കുന്നില്ല. തോമസ് മാഷ് സത്യസന്ധനാണെന്ന അഭിപ്രായം തനിക്കില്ല. അദ്ദേഹത്തിന്റെ റിസോർട്ടിൽ സീതാറാം യെച്ചൂരി വരാറുണ്ട് എന്നാണ് കേൾക്കുന്നത്.
കോൺഗ്രസിനെ തകർക്കാനുള്ള ഗൂഢാലോചന :കെ.വി.തോമസിന്റെ സാമ്പത്തികമായ ഇടപാടുകളിലും കെ.സുധാകരൻ സംശയം പ്രകടിപ്പിച്ചു. കോൺഗ്രസിനെ ദേശീയ തലത്തിൽ തകർക്കാനുള്ള ഗൂഢാലോചനയാണ് പാർട്ടി കോൺഗ്രസിൽ നടന്നതെന്ന് കെ സുധാകരൻ ആരോപിച്ചു. കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരാതിരിക്കാൻ ബി.ജെ.പി സി.പി.എമ്മിനെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.