കെ മുരളീധരനും ബെന്നി ബെഹനാനും പ്രതികരിക്കുന്നു എറണാകുളം: ബിജെപിയിൽ ചേർന്ന അനിൽ ആന്‍റണിയുടെ തീരുമാനം തികച്ചും ദൗർഭാഗ്യകരമെന്ന് കെ മുരളീധരൻ. കോൺഗ്രസിൽ താഴെ തട്ടിൽ പ്രവർത്തിക്കാത്ത അദ്ദേഹത്തിന്‍റെ തീരുമാനം കോൺഗ്രസിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.
ഒരു പുരുഷായുസ് മുഴുവൻ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുകയും ഇപ്പോഴും ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നെല്ലാം സ്വയം ഒഴിവായി പാർട്ടിക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകി മുന്നോട്ട് പോകുകയും ചെയ്യുന്ന ഏറ്റവും പ്രമുഖനായ എ കെ ആന്‍റണിയെ പോലുള്ള ഒരാളുടെ മനസിനെ അനിൽ വേദനിപ്പിക്കരുതായിരുന്നു. അനിലിന് കോൺഗ്രസുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കാമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ എല്ലാവർക്കുമില്ലേ എന്നും കെ മുരളീധരൻ ചോദിച്ചു.
'കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുകയും ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുകയും ചെയ്യുന്ന പാർട്ടിയിൽ അനിൽ ആന്‍റണി ചേക്കേറുന്നത് ദൗർഭാഗ്യകരമാണ്. ആന്‍റണിയുടെ മനസിന് മുറിവേറ്റിരിക്കുകയാണ്. അത് കൊണ്ട് ഞങ്ങൾ കൂടുതൊലൊന്നും പറയുന്നില്ല. അനിലിന് ഉണ്ടായിരുന്ന സ്ഥാനങ്ങളൊക്കെ രാജിവച്ചിരുന്നു. പ്രാഥമിക മെമ്പർഷിപ്പ് മാത്രമാണുണ്ടായിരുന്നത്. ഞാൻ എന്‍റെ കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു കാലത്തും പാർട്ടി വിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല', കെ മുരളീധരൻ ചോദ്യങ്ങൾക്ക് ഉത്തരമായി പറഞ്ഞു.
Also Read:അനിലിനെ കൂട്ടുപിടിച്ചത് ബിഷപ്പുമാര്‍ നല്‍കിയ 'ഉണര്‍വില്‍' ; ക്രിസ്‌ത്യന്‍ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുമോ കേരള ബിജെപി...?
പാർട്ടിയിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. എല്ലാം ഭദ്രമാണെന്ന് പറയാൻ ആവില്ല. പക്ഷേ അതൊന്നും പാർട്ടി വിടുന്നതിനുള്ള കാരണമല്ല. പാർട്ടിക്ക് പുറത്തുപോയ ആളെ പോലെ പാർട്ടിക്ക് അകത്തുള്ളവർക്ക് പ്രതികരിക്കാൻ ആവില്ലെന്നും കെ മുരളീധരൻ പറഞ്ഞു. വ്യക്തി താത്‌പര്യങ്ങൾക്ക് അനുസരിച്ചാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന അനിൽ ആന്‍റണിയുടെ ആരോപണത്തിനായിരുന്നു കെ മുരളീധരൻ ഇപ്രകാരം മറുപടി പറഞ്ഞത്. അനിലിന്‍റെ തീരുമാനം തെറ്റായിരുന്നുവെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
വിഢിത്തമെന്ന് ബെന്നി ബെഹനാന്‍:അനിൽ ആന്‍റണിയുടെ തീരുമാനം തികച്ചും വിഢിത്തമാണെന്ന് ബെന്നി ബെഹനാൻ എംപിയും പ്രതികരിച്ചു. കോൺഗ്രസിന്‍റെ പാരമ്പര്യവും ഇന്നത്തെ സാഹചര്യത്തിലുള്ള കോൺഗ്രസിന്‍റെ പ്രസക്തിയും അനിൽ മനസിലാക്കിയിട്ടില്ലെന്നാണ് ഈ തീരുമാനത്തിൽ നിന്ന് മനസിലാക്കുന്നത്. എ കെ ആന്‍റണി ഉയർത്തി കൊണ്ടുവന്ന കോൺഗ്രസ് സംസ്‌കാരത്തിന് ഒരു പോറൽ പോലും ഏല്‍പ്പിക്കാൻ അനിലിന്‍റെ രാജി കൊണ്ട് കഴിയില്ല.
വർഗീയ ഫാസിസ്റ്റ് കൂടാരത്തിൽ എത്തിയ അനിലിന് വരും കാലങ്ങളിൽ മനസികമായ സംഘർഷം അനുഭവിക്കേണ്ടിവരും. അനിലിന്‍റെ ഈ തീരുമാനം തികച്ചും തെറ്റാണെന്നും കോൺഗ്രസിനെ സ്നേഹിക്കുന്ന കേരളത്തിലെ ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്നതിൽ യാതൊരു സംശയവുമില്ലന്നും ബെന്നി ബെഹനാൻ പറഞ്ഞു. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം നെടുമ്പാശ്ശേരിയിൽ എത്തിയതായിരുന്നു എംപിമാരായ കെ മുരളീധരനും ബെന്നി ബെഹനാനും.
Also Read:'അനില്‍ ബിജെപിയുടെ കെണിയില്‍ വീണു, എകെ ആന്‍റണിയോട് കാട്ടിയത് നിന്ദ' ; കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് വി ഡി സതീശന്‍