കൊച്ചി:ഉമ്മൻ ചാണ്ടി കേരള രാഷ്‌ട്രീയത്തിലെ അതികായനാകുമെന്ന് അദ്ദേഹം വിദ്യാർഥി നേതാവായിരിക്കെ തന്നെ തനിക്ക് ബോധ്യമുണ്ടായിരുന്നുവെന്ന് മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പാളും എഴുത്തുകാരനുമായ കെ അരവിന്ദാക്ഷൻ മാസ്റ്റർ. കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദഹേം. മഹാരാജാസ് കോളജിൽ വിദ്യാർഥിയായിരിക്കെ എ കെ ആന്‍റണി വഴിയാണ് ഉമ്മൻ ചാണ്ടിയെ പരിചയപ്പെട്ടത്. അന്ന് ഉമ്മൻ ചാണ്ടി പയ്യനായിരുന്നതിനാൽ സ്വത്വന്ത്രമായി ഇടപെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള തന്‍റെ ബോധ്യം ശരിയായിരുന്നുവെന്ന് പിന്നീട് വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ ബന്ധപ്പെടേണ്ട സാഹചര്യമുണ്ടായി. മഹാരാജാസ് കോളജ് അധ്യാപകനായിരുന്ന സമയത്ത് സംഘടിപ്പിച്ച യുവജനോത്സവുമായി ബന്ധപ്പെട്ട പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഉദ്ഘാടകയാകേണ്ടിയിരുന്ന അന്നത്തെ ഗവർണർ ജ്യോതി വെങ്കിടാചലം വിദ്യാർഥി പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഇതേ തുടർന്ന് പ്രതിസന്ധിയിലായ താൻ കെഎസ്‌യു പ്രവർത്തകരുടെ ആവശ്യം കൂടി പരിഗണിച്ചായിരുന്നു ആഭ്യന്തര മന്ത്രിയായ ഉമ്മൻ ചാണ്ടിയെ ക്ഷണിച്ചത്.
എന്നാൽ അടുത്ത ദിവസം ക്യാബിനറ്റ് മീറ്റിങ് ഉള്ളതിനാൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കും തിരിച്ചും വിമാന മാർഗം മാത്രമേ യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് പറഞ്ഞു. തന്നെ ഒഴിവാക്കി തരണമെന്നും മുവായിരത്തോളം രൂപ വിമാന ചാർജ് ഇനത്തിൽ ചെലവഴിക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഇത് ആരോപണങ്ങൾക്ക് കാരണമാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. എന്നാൽ ആ പണം തങ്ങൾ സംഘടിപ്പിച്ചു തരാമെന്ന് അറിയിച്ചതോടെയാണ് പരിപാടിയിൽ പങ്കെടുക്കാൻ ഉമ്മൻ ചാണ്ടി സമ്മതിച്ചതെന്നും അരവിന്ദാക്ഷൻ മസ്റ്റർ ഓര്‍ത്തെടുത്തു.