എറണാകുളം: ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്ന് ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ. ഈ തീരുമാനം ഇന്ത്യയെ വലിയ ദുരന്തത്തിലേക്ക് നയിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
കശ്മീർ വിഭജനം ഗുണം ചെയ്യില്ലെന്ന് ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ
കശ്മീർ പ്രശ്നം പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കാനുള്ള അവസരം സൃഷ്ടിക്കുമെന്ന് പി.കെ ഷംസുദ്ദീൻ ഇ.ടി.വി.ഭാരതിനോട്
കശ്മീർ പ്രശ്നം പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കാനുള്ള അവസരമാണ് ഇത് നൽകുന്നത്. കാശ്മീരിൽ ഹിതപരിശോധനനയ്ക്കുള്ള അന്തർദേശീയ സമ്മർദമുണ്ടാകാനുള്ള സാധ്യതയുണ്ട്. മുന്നൂറ്റി എഴുപതാം വകുപ്പ് ഇല്ലാതാക്കിയ തീരുമാനം കോടതികളിലും അന്താരാഷ്ട്രതലത്തിലും ചോദ്യം ചെയ്യപ്പെടും. സുപ്രീംകോടതിയുടെ നിലപാട് നിർണായകമായിരിക്കും. കശ്മീരിനെ വിഭജിക്കാനുള്ള ഏകാധിപത്യ തീരുമാനം, കശ്മീർ ജനതയുടെ ജീവിതം കലുഷിതമാക്കും. കാശ്മീരി ജനത ശക്തമായി ഇതിനെതിരെ രംഗത്ത് വരാനാണ് സാധ്യത. ഇപ്പോഴുള്ള നിശബ്ദത പട്ടാളത്തെ അണിനിരത്തിയും, വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിച്ചുള്ളതുമാണ്. എത്ര കാലം ഇങ്ങനെ മുന്നോട്ട് പോകാനാകുമെന്നും ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ സംശയം പ്രകടിപ്പിച്ചു.