കൊച്ചി: വഞ്ചിയൂർ കോടതിയിൽ വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകർ പൂട്ടിയിട്ട സംഭവം നീതിന്യായ വ്യവസ്ഥയ്ക്ക് ചേർന്നതല്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. മജിസ്ട്രേറ്റിന്‍റെ ഉത്തരവിൽ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകർക്ക് മറ്റ് നിയമനടപടികൾ സ്വീകരിക്കാമായിരുന്നെന്നും ഈ സംഭവം വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് കെമാൽ പാഷ ഇടിവി ഭാരതിനോട് പറഞ്ഞു.
വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകർ പൂട്ടിയിട്ട സംഭവം; നീതിന്യായ വ്യവസ്ഥക്ക് ചേര്‍ന്നതല്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ
മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീൽ നൽകാം. അതല്ലെങ്കിൽ റിവിഷൻ നൽകാമായിരുന്നു. അല്ലാതെ കോടതിയിൽ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീൽ നൽകാം. അതല്ലെങ്കിൽ റിവിഷൻ നൽകാമായിരുന്നു. അല്ലാതെ കോടതിയിൽ ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ പാടില്ല. ഒരു ഉത്തരവ് തെറ്റായിപ്പോയി എന്നതിന്‍റെ പേരിൽ ഇത്തരം പ്രതിഷേധങ്ങൾ അനുവദിക്കാൻ കഴിയില്ല. അത് അഭിഭാഷക സമൂഹത്തിന് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കോടതിക്ക് സത്യം കണ്ടെത്താനുള്ള മാർഗം തെളിച്ചു കൊടുക്കേണ്ട ആളുകളാണ് അഭിഭാഷകർ. അത് അവരുടെ ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി.
വഞ്ചിയൂർ കോടതിയിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്ന നടപടി സ്വീകരിക്കേണ്ടത് സെഷൻസ് ജഡ്‌ജ് ആയിരുന്നു. അല്ലെങ്കിൽ ഡിവിഷനൽ പവർ ഉപയോഗിച്ച് ജാമ്യം റദ്ദാക്കാമായിരുന്നു. എന്നാൽ അത് ചെയ്യാതെ മജിസ്ട്രേറ്റ് തന്നെ ജാമ്യം റദ്ദാക്കിയത് തെറ്റായിരുന്നെങ്കിലും അഭിഭാഷകർ ഇത്തരത്തിൽ ഒരു പ്രതിഷേധം കോടതിയിൽ നടത്തിയത് വലിയ തെറ്റ് തന്നെയെന്ന് ജസ്റ്റിസ് കെമാൽ പാഷ പറയുന്നു. ഓഫീസർക്കെതിരെ എന്തെങ്കിലും പരാതി ഉണ്ടായിരുന്നെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമായിരുന്നു. ചീഫ് ജസ്റ്റിസിന് പരാതി നൽകി കഴിഞ്ഞാൽ വിജിലൻസ് വിഭാഗം അന്വേഷണം നടത്തി ശരിയായ പരാതിയാണെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.