എറണാകുളം:കേരളത്തിൽ ക്രമസമാധാനം പാലിക്കുന്നതിൽ ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്ന് കേരളകോൺഗ്രസ് (ജേക്കബ്) നേതാവ് ജോണി നെല്ലൂർ. ധാർമികത ഉണ്ടെങ്കിൽ പിണറായി വിജയൻ ആഭ്യന്തരമന്ത്രിസ്ഥാനം രാജിവെക്കണം. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ മരിച്ചയാളുടെ ഭാര്യയ്ക്ക് ധനസഹായം നൽകുന്നത് സ്വാഗതാർഹമാണ്. എന്നാൽ പൊതുഖജനാവിൽനിന്ന് അല്ല പ്രതികളിൽനിന്ന് ആ തുക കണ്ടെത്തേണ്ടത്. കൊലപാതകത്തിൽ പ്രതികളായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കണമെന്നും, ഇത്തരം അക്രമികളെ സേനയിൽ തുടരാൻ അനുവദിക്കരുതെന്നും ജോണി നെല്ലൂർ പറഞ്ഞു.
ക്രമസമാധാനം പാലിക്കുന്നതിൽ ആഭ്യന്തരവകുപ്പ് പരാജയമെന്ന് ജോണി നെല്ലൂർ - കേരള പൊലീസ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി വിഷയത്തിൽ കുറ്റവാളികളെ സംരക്ഷിക്കാനാണ് ഗവൺമെന്‍റ് ശ്രമിക്കുന്നത്. ഇതിൽ സിബിഐ അന്വേഷണം വേണമെന്നും ജോണി നെല്ലൂർ
കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ പ്രവർത്തനങ്ങളിൽ ഭയപ്പാട് ഉണ്ടാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പൊലീസിന് നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സ്വയം പരാജയം സമ്മതിച്ച് മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി പദവിയിൽ ഇരിക്കാൻ യോഗ്യനല്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി വിഷയത്തിൽ കുറ്റവാളികളെ സംരക്ഷിക്കാനാണ് ഗവൺമെന്‍റ് ശ്രമിക്കുന്നത്. ഇതിൽ സിബിഐ അന്വേഷണം വേണമെന്നും, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരത്തുനിന്നും കാര്യവട്ടത്തേക്ക് മാറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ജോണി നെല്ലൂർ പറഞ്ഞു.
കേരള കോൺഗ്രസിലെ പിളർപ്പ് ഒഴിവാക്കാൻ പി ജെ ജോസഫും ജോസ് കെ മാണിയും ബുദ്ധിപരമായി ചിന്തിക്കേണ്ടിയിരുന്നു. ആരും മുന്നണിക്ക് പുറത്ത് പോകരുതെന്നാണ് തങ്ങളുടെ താൽപര്യം. കുറച്ചുകൂടി ബുദ്ധിപരമായി ചിന്തിച്ചിരുന്നെങ്കിൽ കേരള കോൺഗ്രസിലെ പിളർപ്പ് ഒഴിവാക്കാൻ സാധിക്കുമായിരുന്നെന്നും കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.