കേരളം

kerala

ETV Bharat / state

JDS Will Not Announce New Party 'ഞങ്ങളാണ്‌ ഒറിജിനല്‍, പുതിയ പാർട്ടി പ്രഖ്യാപിക്കില്ല'; മാത്യു ടി തോമസ് - We are the real JDS

യഥാർത്ഥ ജെ.ഡി.എസ് തങ്ങളാണെന്നും പുതിയ പാർട്ടി പ്രഖ്യാപിക്കില്ലെന്നും സംസ്ഥാന പ്രസിഡന്‍റ്‌ മാത്യു ടി തോമസ് വ്യക്തമാക്കി.

ജെ ഡി എസ്  JDS will not announce a new party  JDS Will Not Announce New Party  JDS  മാത്യു ടി തോമസ്  Mathew T Thomas  Janata Dal  ഞങ്ങളാണ്‌ യഥാർത്ഥ ജെ ഡി എസ്  We are the real JDS  ജനതാദൾ
JDS Will Not Announce New Party

By ETV Bharat Kerala Team

Published : Oct 27, 2023, 6:29 PM IST

Updated : Oct 27, 2023, 8:53 PM IST

പുതിയ പാർട്ടി പ്രഖ്യാപിക്കില്ലെന്ന്‌ സംസ്ഥാന പ്രസിഡന്‍റ്‌ മാത്യു ടി തോമസ്

എറണാകുളം:ദേശീയ തലത്തില്‍ ബിജെപിക്കൊപ്പം പോയതിനെ തുടർന്നുണ്ടായ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാനാവാതെ ജെ.ഡി.എസ് കേരള ഘടകം. ഇന്നത്തെ സംസ്ഥാന നേതൃയോഗത്തിലും ദേശീയ നേതൃത്വത്തിന്‍റെ ബി.ജെ.പി സഖ്യത്തെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാനുള്ള തീരുമാനങ്ങൾ എടുക്കാനായില്ല. അതേസമയം യഥാർത്ഥ ജെ.ഡി.എസ് തങ്ങളാണെന്നും പുതിയ പാർട്ടി പ്രഖ്യാപിക്കില്ലെന്നും സംസ്ഥാന പ്രസിഡന്‍റ്‌ മാത്യു ടി തോമസ് വ്യക്തമാക്കി (JDS Will Not Announce New Party).

'ദേശീയ പ്ലീനറി യോഗം പാസാക്കിയ ബി.ജെ.പി വിരുദ്ധ, കോൺഗ്രസ് ഇതര സഖ്യമെന്ന തീരുമാനത്തിനെതിരായ നിലപാട് സ്വീകരിച്ച ദേശീയ പ്രസിഡന്‍റ്‌ ദേവ ഗൗഡയും, മകൻ കുമാര സ്വാമിയും പാര്‍ട്ടിയുടെ ഭാഗമല്ലാതായി മാറുകയാണ്. ദേശീയ തലത്തിൽ ജെ.ഡി.എസ് എങ്ങനെ രൂപപ്പെടുമെന്ന് കാത്തിരിക്കുകയാണ്. രണ്ട് വ്യക്തികൾ എടുത്ത ബി.ജെ.പി അനുകൂല നിലപാട് തള്ളി കളയുകയാണ്. ജെ.ഡി.എസ് രാഷ്ട്രീയ നിലപാടിലുള്ള അവ്യക്തത വരും ദിവസങ്ങളിൽ മാറുമെന്നും മാത്യു ടി തോമസ് പറഞ്ഞു'.

ജെ.ഡി.എസ് സംസ്ഥാന പാർട്ടിയാണ്. കേരളത്തിൽ നിന്നുള്ള ദേശീയ നേതാക്കൾ സമാന അഭിപ്രായമുള്ളവരുമായി ചർച്ചകൾ തുടരുകയാണ്. ദേശീയ നേതൃത്വത്തിലുള്ള രണ്ട് വ്യക്തികൾ സ്വീകരിച്ച ബി.ജെ.പി അനുകൂല നിലപാടിനെ കഴിഞ്ഞ സംസ്ഥാന നേതൃയോഗം പരസ്യമായി തള്ളികളഞ്ഞിരുന്നു. അതേ നിലപാട് ഇന്നും ആവർത്തിക്കുകയാണ്. നിലവിലുള്ള ദേശീയ ഘടകത്തെ തള്ളി സംസ്ഥാന ഘടകം മുന്നോട്ട്‌ പോകുമ്പോൾ പാർട്ടിയുടെ എംഎൽഎമാർക്ക് അയോഗ്യത പ്രശ്‌നം വരികയാണെങ്കിൽ അത് അപ്പോൾ നോക്കാമെന്നും മാത്യു ടി തോമസ് പ്രതികരിച്ചു.

മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന രീതിയിൽ സംസ്ഥാന ഘടകത്തിൽ ഭിന്നതയില്ല. ബിജെപിയും സഖ്യകക്ഷികളും തങ്ങളുടെ ശത്രു പക്ഷത്താണ്. അടുത്ത മാസം പതിനാലിന് ജില്ല കേന്ദ്രങ്ങളിൽ പലസ്‌തീൻ ഐക്യദാർഢ്യ കൂട്ടായ്‌മകൾ സംഘടിപ്പിക്കുമെന്നും ജെ.ഡി.എസ് ഭാരവാഹികൾ അറിയിച്ചു. ദേശീയ ഘടകം എൻ.ഡി.എ യുടെ ഭാഗമായ സാഹചര്യത്തിൽ രൂപപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാനായിരുന്നു രണ്ടാം തവണയും കൊച്ചിയിൽ
നേതൃയോഗം ചേർന്നത്. ദേശീയ നേതൃത്വം എൻഡിഎ സഖ്യമുണ്ടാക്കിയതിനെ കേരള ഘടകം പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.

ദേശീയ സമിതികളിൽ ചർച്ച ചെയ്യാതെയെടുത്ത തീരുമാനം സംഘടന വിരുദ്ധമാണെന്നാണ് കേരള നേതൃത്വത്തിന്‍റെ നിലപാട്. അതേസമയം ദേശീയ തലത്തിൽ എൻ.ഡി.എയുടെ ഭാഗമായ ജെ.ഡി.എസ് കേരളത്തിൽ ഇടതുമുന്നണിയുടെ ഭാഗമായി തുടരുന്നത് രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

നിലവിലെ പ്രതിസന്ധിയിൽ കൊച്ചിയിലെ ഇന്നത്തെ യോഗത്തോടെ തീരുമാനമുണ്ടാകുമെന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കിരുന്നെങ്കിലും അത്തരത്തിലുള്ള സുപ്രധാന തീരുമാനങ്ങൾ ഇന്നും ഉണ്ടായില്ല. തങ്ങളാണ് യഥാർത്ഥ ജെ.ഡി.എസ് എന്ന അവകാശവാദമുയർത്തി മുന്നോട്ട് പോകാൻ കഴിയുമോയെന്നാണ് സംസ്ഥാന ഘടകം പരിശോധിക്കുന്നത്. ഈ വിഷയത്താൽ ഉടൻ തീരുമാനമെടുക്കണമെന്നാണ് നീല ലോഹിതദാസ നടാർ, സി.കെ നാണു എന്നിവർ ഉൾക്കൊളളുന്ന വിഭാഗത്തിന്‍റെ ആവശ്യം. എന്നാൽ തങ്ങളുടെ എംഎൽഎ സ്ഥാനം സംരക്ഷിച്ചുള്ള പ്രശ്‌ന പരിഹാരത്തിന് വേണ്ടിയാണ് സംസ്ഥാന പ്രസിഡന്‍റ്‌ മാത്യു ടി തോമസും, മന്ത്രി കൃഷണൻ കുട്ടിയും വാദിക്കുന്നത്.
കൂറുമാറ്റ നിരോധനനിയമ പ്രശ്‌നങ്ങൾ എങ്ങനെ അതിജീവിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നതും ജെ.ഡി.എസ് സംസ്ഥാന ഘടകത്തിന് പ്രധാനപ്പെട്ടതാണ്. ബി.ജെ.പി മുന്നണിയുടെ ഭാഗമായി നിന്ന് സംസ്ഥാനത്ത് ഇടതുമുന്നണിയിൽ തുടരാനാകില്ലെന്ന് സിപിഎം ജനതാദൾ എസ് നേതൃത്വത്തെ അറിയിച്ചിരുന്നു. പുതിയൊരു പാർട്ടി രൂപീകരിച്ചോ, മറ്റൊരു പാർട്ടിയില്‍ ലയിച്ചോ നിലവിലെ പ്രതിസന്ധിയെ അതിജീവിക്കുന്നതിനും ജെ.ഡി.എസ് സംസ്ഥാന ഘടകത്തിന് മുമ്പിൽ നിയമപരമായ പ്രശ്‌നങ്ങൾ ഉണ്ട്.

കൂറുമാറ്റ നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച് ഒരു പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ മറ്റൊരു പാർട്ടിയിൽ ചേരുകയോ, പുതിയൊരു പാർട്ടി രൂപീകരിക്കുകയോ ചെയ്‌താൽ അവരുടെ നിയമസഭയിലെ അംഗത്വം അസാധുവാക്കപ്പെടും. നിലവിൽ കേരളത്തിൽ ജെ.ഡി.എസിന് രണ്ട് എംഎൽഎമാരാണുള്ളത്. വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടിയും മാത്യു ടി തോമസും. ഇരുവരുടെയും സഭയിലെ അംഗത്വം നിലനിർത്തിയും ദേശീയ ഘടകവുമായുള്ള ബന്ധം വേർപെടുത്തി മുന്നോട്ട് പോകാനുള്ള സാധ്യതകൾ തേടുകയാണ് കേരള ജെ.ഡി.എസ്.

ഈ വിഷയത്തിലുള്ള ഇടതു മുന്നണി നിലപാടും നിർണ്ണായകമാണ്. മന്ത്രി കൃഷ്‌ണൻകുട്ടി, നീല ലോഹിതദാസ നടാർ, സി.കെ നാണു ഉൾപ്പടെ പ്രമുഖ നേതാക്കൾ എല്ലാം യോഗത്തിൽ സംബന്ധിച്ചു.

ALSO READ:എന്‍ഡിഎയുമായി ലയനം; ജെഡിഎസ്‌ നേതൃയോഗത്തിന് തുടക്കമായി, നിര്‍ണായക തീരുമാനം ഇന്നറിയാം

Last Updated : Oct 27, 2023, 8:53 PM IST

ABOUT THE AUTHOR

...view details