എറണാകുളം :നടന്‍ ജയസൂര്യ പ്രതിയായ ചിലവന്നൂർ കായൽ കയ്യേറ്റ കേസിൽ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ആറുവർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിരുന്നില്ല.
ഹര്‍ജിക്കാരനായ കളമശ്ശേരിയിലെ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണ സംഘം ഇന്നലെ(ഒക്‌ടോബര്‍ 18) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 2013 ലാണ് ചിലവന്നൂര്‍ കായലിന് തീരത്തെ വീടിന് സമീപം ജയസൂര്യ ബോട്ട് ജെട്ടിയും ചുറ്റുമതിലും നിർമിച്ചത്. എന്നാല്‍ കായല്‍ കയ്യേറിയാണ് നിര്‍മാണം നടത്തിയതെന്ന് ആരോപണം ഉയര്‍ന്നതോടെ കണയന്നൂർ താലൂക്ക് സർവേയർ സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധനയില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് കോർപറേഷൻ സെക്രട്ടറി വിജിലൻസ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ച് കായലിന് സമീപം ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമിച്ചതിന് കോർപറേഷൻ അധികൃതർ ഒത്താശ ചെയ്തെന്നായിരുന്നു ഗിരീഷ് ബാബു വിജിലൻസ് കോടതിയിൽ നൽകിയ പരാതി.
ഇതേ തുടർന്ന് കോടതി നിർദേശ പ്രകാരം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ജയസൂര്യയും കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥർ ഉൾപ്പടെ നാല് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. വിജിലന്‍സ് അന്വേഷണത്തെ തുടര്‍ന്ന് അനധികൃതമായി നിർമിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും പൊളിച്ചുനീക്കാൻ ജയസൂര്യയ്ക്ക് കൊച്ചി കോർപറേഷൻ 2014ൽ നോട്ടിസ് നൽകിയിരുന്നു. എന്നാൽ തുടർ നടപടികളില്ലാത്തതിനെ തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.