എറണാകുളം : ജനങ്ങളും ജൂറിയും തന്‍റെ 'വെള്ളം' എന്ന സിനിമ അംഗീകരിച്ചതിൽ സന്തോഷമെന്ന് നടൻ ജയസൂര്യ. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു താരം. 'വെള്ളം' എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കുന്നതായിരുന്നു. അത്തരം സിനിമകൾ വല്ലപ്പോഴുമാണ് സംഭവിക്കുന്നത്.
ഈ സിനിമയുടെ ഭാഗമായത് ഒരു നിയോഗമാണ്. നന്നായി സിനിമ ചെയ്യാൻ കഴിഞ്ഞത് എല്ലാവരുടെയും പ്രയത്നത്തിന്‍റെ ഫലമാണ്. ഇപ്പോൾ തെരെഞ്ഞെടുക്കുന്നത് തനിക്ക് ശരിയെന്ന് തോന്നുന്ന സിനിമകളാണ്. ഇപ്പോൾ ചെയ്യുന്ന തരത്തിലുള്ള സിനിമകളല്ല ശരിയെന്ന് തോന്നിയാൽ വേറെ തരത്തിലുള്ള ചിത്രങ്ങളാകും നാളെ ചെയ്യുകയെന്നും ജയസൂര്യ വ്യക്തമാക്കി.
പുരസ്‌കാര നിറവിൽ നടൻ ജയസൂര്യ READ MORE: 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ ജയസൂര്യ, മികച്ച നടി അന്ന ബെൻ
നല്ല സിനിമയ്ക്ക് മാത്രമേ നല്ല അഭിനേതാവിനെ കണ്ടെത്താൻ കഴിയൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വെള്ളം നല്ല സിനിമയായതിനാലാണ് മികച്ച നടനാകാൻ കഴിഞ്ഞത്. പൂർണ മദ്യപാനിയായ ഒരാൾ സ്വയം തിരിച്ചറിഞ്ഞാൽ മാത്രമേ അയാൾക്ക് മദ്യപാനശീലത്തിൽ നിന്ന് മുക്തനാകാൻ കഴിയുകയുള്ളൂ. അത്തരത്തിൽ തിരിച്ചറിവ് നൽകുന്ന കാര്യങ്ങൾ ഈ സിനിമയിലുണ്ടെന്നും ജയസൂര്യ പറഞ്ഞു.
അതേസമയം ആദ്യാവസാനം ജയസൂര്യ നടത്തിയ സമർപ്പണമാണ് ഈ സിനിമയുടെ വിജയമെന്ന് സംവിധായകന്‍ പ്രജേഷ് സെൻ അഭിപ്രായപ്പെട്ടു. 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ശനിയാഴ്‌ച പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരം കപ്പേള എന്ന ചിത്രത്തിലൂടെ അന്ന ബെൻ കരസ്ഥമാക്കി. ജിയോ ബേബി സംവിധാനം ചെയ്‌ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചിത്രം. ഇതിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ജിയോ ബേബി നേടി.