എറണാകുളം : കളമശ്ശേരിയിലെ കാർഷികോത്സവ വേദിയിൽ, മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഉന്നയിച്ച വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായി നടൻ ജയസൂര്യ. കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് നടത്തിയ പരാമർശത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് നടൻ വ്യക്തമാക്കി. അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനാണ് വിഷയം പൊതുവേദിയിൽ ഉന്നയിച്ചതെന്നും ജയസൂര്യ പറഞ്ഞു (Jayasurya on Farmers Problem).
ഈ പരാമർശത്തിന്‍റെ പേരിൽ തന്നെ ഇടത് വലത് രാഷ്‌ട്രീയവുമായി ബന്ധിപ്പിക്കേണ്ടതില്ല. തനിക്കൊരു രാഷ്‌ട്രീയ പാർട്ടിയുമായും ബന്ധമില്ല. തന്‍റേത് കർഷക പക്ഷമാണ്. നെല്ല് സംഭരിച്ചിട്ട് ആറ് മാസമായി പലർക്കും പണം ലഭിച്ചില്ലെന്നുള്ളത് അനീതിയല്ലേയെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രി പി രാജീവ് ക്ഷണിച്ചതിനാലാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് പറഞ്ഞ നടൻ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ചൂണ്ടിക്കാട്ടി. വേദിയിലെത്തിയ വേളയിലാണ് കൃഷി മന്ത്രി പങ്കെടുക്കുന്ന കാര്യം പോലും അറിഞ്ഞത്. കർഷകരുടെ പ്രശ്‌നങ്ങൾ ഒന്നുകിൽ മന്ത്രിയോട് നേരിട്ട് പറയാം. അല്ലെങ്കിൽ സമൂഹ മാധ്യമങ്ങളിൽ കുറിപ്പിടാം. പക്ഷേ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനാണ് പൊതുവേദിയിൽ ഉന്നയിച്ചതെന്നും ജയസൂര്യ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്‌ച കളമശ്ശേരി മണ്ഡലത്തിൽ സംഘടിപ്പിച്ച കാർഷികോത്സവത്തിന്‍റെ സമാപന വേദിയിലാണ് ജയസൂര്യ സർക്കാറിനെതിരെ തുറന്നടിച്ചത് (Jayasurya about farmers problems in the presence of ministers). കൃഷി മന്ത്രി പി പ്രസാദും വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവുമായിരുന്നു ഈ സമയം വേദിയിലുണ്ടായിരുന്നത്. വ്യവസായ നിയമ വകുപ്പ് മന്ത്രിയായിട്ട് പോലും കൃഷിക്കാർക്ക് വേണ്ടി മന്ത്രി പി രാജീവ് നടത്തുന്ന പ്രവർത്തനങ്ങളെ വാനോളം പുകഴ്‌ത്തിയായിരുന്നു ജയസൂര്യ പ്രസംഗത്തിന് തുടക്കമിട്ടത്.
താൻ സിനിമയിലെ ഹീറോയാണെങ്കിൽ യഥാർഥ ജീവിതത്തിലെ ഹീറോകൾ മന്ത്രി പി രാജീവിനെ പോലുള്ളവരാണെന്ന് ജയസൂര്യ പറഞ്ഞു. പിന്നാലെയാണ് വേദിയിലിരിക്കുന്ന കൃഷി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലേക്കായി ജയസൂര്യ കർഷകരുടെ പ്രശ്‌നങ്ങൾ വിശദീകരിച്ചത്. കൃഷിക്കാരുടെ പ്രശ്‌നങ്ങൾ ഗൗരവമേറിയതാണെന്ന് താരം ചൂണ്ടിക്കാട്ടി.
നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ ആരോപിച്ചു. സഹപ്രവർത്തകനും കർഷകനുമായ നടൻ കൃഷ്‌ണ പ്രസാദിന്‍റെ അവസ്ഥയെ കുറിച്ചും ജയസൂര്യ വിശദീകരിച്ചു. സിനിമ പരാജയപ്പെട്ടാൽ ഏറ്റവും അവസാനം അറിയുക നായകനായിരിക്കുമെന്ന പരോക്ഷമായ പരിഹാസവും മന്ത്രി പി പ്രസാദിനെതിരെ ജയസൂര്യ നടത്തി.
കൃഷി മന്ത്രിയുടെ പ്രസംഗത്തിലെ വരികൾ ഉദ്ധരിച്ച്, പുതിയ തലമുറയിലെ ചെറുപ്പക്കാർക്ക് വസ്‌ത്രത്തിൽ ചെളിപുരളുന്നത് താത്പര്യമില്ല എന്നാണ് മന്ത്രി പറഞ്ഞതെന്നും തിരുവോണ ദിവസം പട്ടിണികിടക്കുന്ന അച്ഛനേയും അമ്മയേയും കണ്ട് എങ്ങനെയാണ് കൃഷിയിലേക്ക് വീണ്ടും ഒരു തലമുറ വരികയെന്നും നടൻ ചോദിച്ചു. ഒരു കൃഷിക്കാരൻ ആണെന്ന് അഭിമാനത്തോടെ പറയാൻ പറ്റുന്ന രീതിയിൽ അച്ഛനും അമ്മയും ഉണ്ട് എന്നത് ഉദാഹരണമായി കാണിക്കാനായെങ്കില്‍ മാത്രമേ പുതിയ തലമുറ അതിലേക്ക് എത്തുകയുള്ളൂ. ഇതിനായി സർക്കാരിന്‍റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണം.
ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനമാണ് സംസ്ഥാനത്ത് ആദ്യം വേണ്ടത്. പച്ചക്കറി കൂടുതൽ കഴിക്കുന്നില്ലെന്നാണ് കൃഷിമന്ത്രി പറയുന്നത്. എന്നാൽ ഇവിടെ ലഭിക്കുന്ന വിഷം കലർന്ന പച്ചക്കറി എങ്ങനെയാണ് കഴിക്കുകയെന്നും ജയസൂര്യ ചോദിച്ചു. താൻ പാലക്കാട് ഒരു സ്ഥലത്ത് പോയപ്പോൾ അവിടെ ഫസ്റ്റ് ക്വാളിറ്റി അരി ഉണ്ടായിരുന്നു.
എന്നാൽ അത് കേരളത്തിൽ വിൽക്കുന്നില്ല, പുറത്ത് കൊടുക്കുകയാണ് എന്നാണ് പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോൾ ഗുണനിലവാര പരിശോധന അടക്കമുള്ള കാര്യങ്ങൾ ഇവിടെ ഇല്ല എന്നായിരുന്നു മറുപടി. തന്‍റെ പരാമർശങ്ങളിൽ തെറ്റിദ്ധരിക്കരുത്. ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമാണ്.
ചിലപ്പോൾ ഇതെല്ലാം അങ്ങയുടെ ചെവിയിലേക്ക് എത്താൻ സമയമെടുക്കും. അതുകൊണ്ട് മാത്രമാണ് ഇത് പറഞ്ഞത്. ഇവനിതൊക്കെ അകത്തിരുന്ന് പറഞ്ഞാൽ പോരേയെന്ന് അദ്ദേഹം വിചാരിക്കും. അങ്ങനെ പറഞ്ഞാൽ സാറ് കേൾക്കുന്ന ഒരുപാട് പ്രശ്‌നങ്ങളിൽ ഒന്നായി മാത്രം ഇത് മാറും. ഇത്രയും പേരുടെ മുമ്പിൽവച്ച് പറയുമ്പോൾ ഗുരുതരമായിത്തന്നെ വിഷയത്തെ എടുക്കും എന്ന് വിശ്വസിച്ചുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും ജയസൂര്യ വ്യക്തമാക്കിയിരുന്നു.
അതേസമയം വേദിയിൽവച്ച് തന്നെ ജയസൂര്യയുടെ വിമർശനങ്ങൾക്ക് ചടങ്ങിൽ അധ്യക്ഷൻ കൂടിയായിരുന്ന മന്ത്രി പി രാജീവ് മറുപടി നൽകിയിരുന്നു. ജയസൂര്യ ഉന്നയിച്ച ചില വിഷയങ്ങൾ പ്രസക്തമാണെന്ന് പറഞ്ഞ മന്ത്രി എന്തുകൊണ്ടാണ് കർഷകർക്ക്, നെല്ല് സംഭരിച്ചിട്ടും പണം കൊടുക്കാൻ വൈകിയതെന്നും വിശദീകരിച്ചു. കേന്ദ്ര വിഹിതം ലഭിക്കാൻ വൈകിയതിനാലാണ് പണം നൽകാൻ കാല താമസം നേരിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
READ MORE:Jayasurya Criticized State Government 'പിന്നെങ്ങനെ പുതുതലമുറ കൃഷിയിലേക്ക് വരും'; മന്ത്രിമാരുടെ സാന്നിധ്യത്തിൽ വിമർശനവുമായി ജയസൂര്യ
കേന്ദ്ര വിഹിതം വൈകുന്നതിനാൽ സംസ്ഥാന വിഹിതം കൂടി ഉൾപ്പെടുത്തി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി അധികമായാണ് പണം നൽകുന്നത്. വരും നാളുകളിൽ കൃത്യമായി പണം നൽകാനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ഇതിനിടെ ജയസൂര്യയുടെ പരാമർശം ചർച്ചയായതോടെ നടനെതിരെ രൂക്ഷ വിമർശനവുമായി കൃഷി മന്ത്രി പി പ്രസാദ് രംഗത്തെത്തി. ജയസൂര്യയുടെ പരാമര്‍ശം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെനും അത് പൊട്ടി പോയെന്നുമാണ് മന്ത്രി പറഞ്ഞത്. ജയസൂര്യ പ്രസംഗത്തിൽ പരാമർശിച്ച കൃഷ്‌ണ പ്രസാദിന് പണം കിട്ടിയിരുന്നുവെന്നും കൃഷിമന്ത്രി ചൂണ്ടിക്കാട്ടി.