എറണാകുളം:മന്ത്രിമാരെ വേദിയിലിരുത്തി സർക്കാറിനെ വിമർശിച്ച് നടൻ ജയസൂര്യ. കളമശ്ശേരി മണ്ഡലത്തിൽ സംഘടിപ്പിച്ച കാർഷികോത്സവത്തിന്‍റെ സമാപന വേദിയിലാണ് ജയസൂര്യ വിമർശനം ഉന്നയിച്ചത്. കൃഷി മന്ത്രി പി പ്രസാദ്, വ്യവസായ - നിയമ വകുപ്പ് മന്ത്രി പി രാജീവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ പ്രസംഗം.
വ്യവസായ നിയമ വകുപ്പ് മന്ത്രിയായിട്ട് പോലും കൃഷിക്കാർക്ക് വേണ്ടി മന്ത്രി പി രാജീവ് നടത്തുന്ന പ്രവർത്തനങ്ങളെ വാനോളം പുകഴ്‌ത്തിയായിരുന്നു ജയസൂര്യ പ്രസംഗം തുടങ്ങിയത്. താൻ സിനിമയിലെ ഹീറോയാണെങ്കിൽ മന്ത്രി പി രാജീവിനെ പോലുള്ളവരാണ് യഥാർഥ ജീവിതത്തിലെ ഹീറോകളെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നായിരുന്നു വേദിയിലിരിക്കുന്ന കൃഷി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലേക്കായി കർഷകരുടെ പ്രശ്‌നങ്ങൾ ജയസൂര്യ വിശദീകരിച്ചത്.
കൃഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ ഗൗരവമേറിയതാണെന്നും നെല്ല് സംഭരിച്ച ശേഷം സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടി. ഉദാഹരണമായി സഹപ്രവർത്തകനും കർഷകനുമായ നടൻ കൃഷ്‌ണ പ്രസാദിന്‍റെ അവസ്ഥയെ കുറിച്ചും ജയസൂര്യ വിശദീകരിച്ചു. തിരുവോണ ദിവസം അവർ ഉപവാസം നടത്തുകയാണ്. അധികാരികളുടെ ശ്രദ്ധയിൽ അവരുടെ പ്രശ്‌നങ്ങളെത്തിക്കുന്നതിന് വേണ്ടിയാണ് തിരുവോണ ദിവസം പട്ടിണി കിടന്നത്. സിനിമ പരാജയപ്പെട്ടാൽ ഏറ്റവും അവസാനം അറിയുക നായകനായിരിക്കുമെന്ന പരോക്ഷമായ പരിഹാസവും മന്ത്രി പി പ്രസാദിനെതിരെ ജയസൂര്യ തൊടുത്തുവിട്ടു.
പുതിയ തലമുറയിലുള്ള ചെറുപ്പക്കാർക്ക് വസ്ത്രത്തിൽ ചെളിപുരളുന്നത് താത്പര്യമില്ലെന്ന കൃഷി മന്ത്രിയുടെ വാക്കുകളെ ഉദ്ധരിച്ചും നടൻ സംസാരിച്ചു. തിരുവോണ ദിവസം പട്ടിണികിടക്കുന്ന അച്ഛനേയും അമ്മയേയും കണ്ട് എങ്ങനെയാണ് കൃഷിയിലേക്ക് വീണ്ടും ഒരു തലമുറ വരികയെന്നായിരുന്നു ജയസൂര്യയുടെ ചോദ്യം. കാര്യങ്ങൾ മികച്ച രീതിയിൽ നടന്ന്, ഒരു കൃഷിക്കാരൻ ആണെന്ന് അഭിമാനത്തോടെ പറയാൻ പറ്റുന്ന അച്ഛനും അമ്മയും ഉണ്ട് എന്നത് ഉദാഹരണമായി കാണിക്കാൻ ഉണ്ടെങ്കിൽ മാത്രമേ ഒരു പുതിയ തലമുറ അതിലേക്ക് എത്തുകയുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി സർക്കാരിന്‍റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു.