എറണാകുളം: ജനാധിപത്യ കേരളാ കോൺഗ്രസ് പിരിച്ച് വിട്ടതായി പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്. 2016ൽ കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് പോരുമ്പോഴുണ്ടായ സാഹചര്യം ഇപ്പോൾ നിലവിലില്ലെന്ന് ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. ജനാധിപത്യ കേരള കോൺഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിൽ ലയിക്കുന്ന യോഗം മൂവാറ്റുപുഴ കബനി ഓഡിറ്റോറിയത്തിൽ നടന്നു.
ജോസഫ് പക്ഷത്തില്‍ ലയിച്ച് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം
ജനാധിപത്യ കേരള കോൺഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിൽ ലയിക്കുന്ന യോഗം മൂവാറ്റുപുഴയിൽ നടന്നു
ജനാധിപത്യ കേരള കോൺഗ്രസിന്‍റെ സംസ്ഥാന നേതാക്കൾ ലയന യോഗത്തിൽ പങ്കെടുത്തു. കേരളാ കോൺഗ്രസിന്‍റെ ലയനം അനിവാര്യമാണെന്നും ഇന്ത്യയിൽ ഇടത് പക്ഷപാർട്ടിക്ക് ചിലയിടങ്ങളിൽ ശക്തി കുറവുണ്ടെന്നും അതുകൊണ്ട് കോൺഗ്രസിന് ഒപ്പം ദേശീയ തലത്തിൽ ഒന്നിക്കണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. കർഷകരുടെ പ്രശ്‌നങ്ങർക്ക് പരിഹാരം കാണുവാനും കാർഷിക മേഖലക്കൊപ്പം നിൽക്കാനുമ കേരള കോൺഗ്രസിന് മാത്രമേ സാധിക്കു. കേന്ദ്ര സർക്കാരും ഇടതുപക്ഷവും കർഷകരെ അവഗണിക്കുന്നതായും അദ്ദേഹം ആരോപിച്ചു. പ്രാദേശികപരമായ പ്രശ്നങ്ങൾ പരിഹരിച്ച് പിണങ്ങി നിൽക്കുന്നവർ മുന്നോട്ട് വന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ മനസ് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലയന യോഗത്തിൽ മുൻ എംപി വക്കച്ചൻ മറ്റത്തിൽ, മുൻ എംഎല്‍എ മാത്യൂസ് സ്റ്റീഫൻ, ഓഫീസ് സെക്രട്ടറി പോളി, സ്റ്റേറ്റ് ജനറൽ സെക്രട്ടറി മാത്യു കുന്നപ്പിള്ളിയടക്കം 280 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 240 പേർ പങ്കെടുത്തു. പതിനാല് ജില്ലാ പ്രസിഡന്‍റുമാരിൽ പത്ത് പേർ പങ്കെടുത്തു. പോഷക സംഘടന പ്രസിഡന്‍റുമാർ എല്ലാവരും പങ്കെടുത്തതായി നേതാക്കൾ അറിയിച്ചു.