എറണാകുളം: മാലിദ്വീപിൽ നിന്നുള്ള പ്രവാസികളുമായി നേവിയുടെ ഐഎൻഎസ് ജലാശ്വ കപ്പൽ കൊച്ചിയിലെത്തി. സമുദ്ര സേതു പദ്ധതിയുടെ ഭാഗമായാണ് പ്രവാസികളെ നേവിയുടെ കപ്പലിൽ നാട്ടിലെത്തിച്ചത്. നോർക്ക വഴി രജിസ്റ്റർ ചെയ്ത 698 പേരാണ് കപ്പലിലുള്ളത്. ഇതിൽ 19 ഗർഭിണികളും 14 കുട്ടികളുമുണ്ട്. യാത്രക്കാരിൽ 440 പേർ മലയാളികളാണ്. കപ്പൽ വെള്ളിയാഴ്ച രാത്രി മാലിദ്വീപിൽ നിന്നും പുറപ്പെട്ട് ഇന്ന് രാവിലെയാണ് കൊച്ചിയിലെത്തിയത്.
പ്രവാസികളുമായി 'ജലാശ്വ' കൊച്ചിയിൽ നങ്കൂരമിട്ടു - നേവിയുടെ കപ്പൽ
കേരളത്തിന്‍റെ വിവിധ ജില്ലകളിൽ നിന്നുള്ള യാത്രക്കാരെ കെ.എസ്.ആർ.ടി.സി ബസുകളിൽ അതത് ജില്ലകളിലേക്ക് അയക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ എറണാകുളം ജില്ലയിൽ തന്നെ ക്വാറന്‍റൈൻ ചെയ്യും.

യാത്രക്കാരെ തെർമൽ സ്ക്രീനിങ് ഉൾപ്പടെയുള്ള പരിശോധനകൾക്ക് വിധേയമാക്കിയാണ് ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് അയക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ ജില്ലയിൽ തന്നെയാണ് ക്വാറന്‍റൈൻ ചെയ്യുന്നത്. അതേസമയം സംസ്ഥാനത്തിന്‍റെ മറ്റ് ജില്ലകളിൽ നിന്നുള്ള യാത്രക്കാരെ കെ.എസ്.ആർ.ടി.സി ബസുകളിൽ അതത് ജില്ലകളിലേക്ക് അയക്കും. രോഗലക്ഷണങ്ങൾ ഉള്ളവരെ കളമശേരി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റും. ഉച്ചയോടെ മുഴുവൻ യാത്രക്കാരുടെയും പരിശോധനകൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേവിയുടെ യുദ്ധകപ്പലായതിനാൽ കർശന നിയന്ത്രണങ്ങളോടെയാണ് കപ്പലിൽ പ്രവാസികൾക്ക് യാത്ര അനുവദിച്ചത്.