കേരളം

kerala

By

Published : Oct 8, 2019, 2:14 PM IST

ETV Bharat / state

പള്ളിത്തര്‍ക്കത്തില്‍ പാത്രിയർക്കീസ് ബാവ ഓർത്തഡോക്‌സ് സഭക്ക് കത്തയച്ചു

സഭയുടെ തലവൻ എന്ന രീതിയിൽ തന്നെ അംഗീകരിക്കുന്നോയെന്ന് ഓർത്തഡോക്‌സ്  സഭ വ്യക്തമാക്കണമെന്നും അന്തോഖ്യയുമായി ബന്ധമില്ലെന്ന നിലപാട് തിരുത്തണമെന്നും പാത്രിയർക്കീസ് ബാവ കത്തിൽ ആവശ്യപ്പെട്ടു.

പാത്രിയർക്കീസ് ബാവ ഓർത്തഡോക്‌സ് സഭയ്ക്ക് കത്തയച്ചു

എറണാകുളം: യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുള്ള പള്ളിത്തര്‍ക്കത്തില്‍ നിർണായക നീക്കവുമായി സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ. പള്ളിത്തർക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പാത്രിയർക്കീസ് ബാവ ഓർത്തഡോക്‌സ് സഭയ്ക്ക് കത്തയച്ചു. മലങ്കരയിലെ പള്ളികൾ മുഴുവൻ ആഗോള സുറിയാനി സഭയുടെ ഭാഗമാണ്. താന്‍ ആഗോള സുറിയാനി സഭയുടെ തലവനാണ്. അതിനാൽ സഭയുടെ തലവൻ എന്ന രീതിയിൽ തന്നെ അംഗീകരിക്കുന്നോയെന്ന് ഓർത്തഡോക്‌സ് സഭ വ്യക്തമാക്കണം. അന്തോഖ്യയുമായി ബന്ധമില്ലെന്ന നിലപാട് തിരുത്തണമെന്നും പാത്രിയർക്കീസ് ബാവ നൽകിയിരിക്കുന്ന കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് ഉണ്ടായത്. 1934 ലെ ഭരണഘടന പ്രകാരം ഓർത്തഡോക്‌സ് വിഭാഗം പാത്രിയർക്കീസ് ബാവയെ അംഗീകരിക്കുന്നില്ലെന്ന് യാക്കോബായ വിഭാഗം ഉന്നയിച്ചിരുന്നു. പിറവം പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് കോട്ടയം ദേവലോകം അരമനയിലേക്കും യാക്കോബായ വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോതമംഗലത്ത് പതിനായിരങ്ങൾ പങ്കെടുത്ത കൂനൻ കുരിശ് വിശ്വാസ പ്രഖ്യാപനവും യാക്കോബായ സഭ സംഘടിപ്പിച്ചത്. പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പാത്രിയർക്കീസ് ബാവയുടെ പുതിയ ഇടപെടൽ.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details