എറണാകുളം:ഐ.എസ്.ആർ.ഒ ചാരക്കേസ് അട്ടിമറി ആരോപണത്തില്‍ വിചാരണ കോടതിയെ സമീപിക്കാൻ ഗൂഢാലോചന കേസ് പ്രതി എസ്.വിജയന് ഹൈക്കോടതി നിർദ്ദേശം. കേസ് അട്ടിമറിച്ചതിൽ നമ്പി നാരായണന് പങ്കുണ്ടെന്ന് ആരോപിച്ച് അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വിചാരണ കോടതി നിരസിക്കുക മാത്രമാണ് ചെയ്തത്.
ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ സഹിതം വിചാരണ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. ഹർജിക്കാരന്‍റെ പരാതി വിചാരണ കോടതി തള്ളിയിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നമ്പി നാരയണന്‍റെ ഉടമസ്ഥതയിലുള്ള തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ 17 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ താൻ ട്രയൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് എസ്.വിജയൻ ഹൈക്കോടതിയെ അറിയിച്ചു.
Also Read:മുല്ലപ്പെരിയാറില്‍ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കി
ഈ ഭൂമി സി.ബി.ഐ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും ശാസ്ത്രജ്ഞനും ഏജൻസി ഉദ്യോഗസ്ഥർക്കും എതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടാൻ വിചാരണ കോടതിക്ക് ഈ രേഖകൾ മതിയെന്നും വിജയൻ ഹൈക്കോടതിയിൽ വാദിച്ചു.
എന്നാൽ വിചാരണ കോടതിയിൽ നൽകിയ രേഖകളിൽ ഭൂമി വിറ്റത് തെളിയിക്കുന്നില്ലെന്നും യഥാർത്ഥ വിൽപ്പന രേഖകൾ ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതി അന്വേഷണത്തിന് ഉത്തരവിടണമെങ്കിൽ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭൂമി നൽകിയാണ് ചാരക്കേസ് അട്ടിമറിച്ചതെന്നാണ് ഗൂഢാലോചന കേസിലെ ഒന്നാം പ്രതി എസ് വിജയന്‍റെ ആരോപണം. ഐ.എസ്.ആർ.ഒ ചാരക്കേസിൽ സി.ബി.ഐ ആദ്യം കേസന്വേഷണം അവസാനിപ്പിച്ചത് അട്ടിമറിയാണെന്നും നമ്പി നാരായണനെതിരെ അന്വേഷണം വേണമെന്നുമാണ് എസ് വിജയന്‍റെ ആവശ്യം.