എറണാകുളം:ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ മുന്‍ ഡിജിപി സിബി മാത്യൂസ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യഹർജിയിൽ വാദം തുടരും. ഐഎസ്ആർഒയിലെ പ്രമുഖ ശാസ്ത്രജ്ഞർക്കെതിരെ കള്ളക്കേസ് ചുമത്താനുള്ള ഗൂഢാലോചനയിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട് ഗൗരവമേറിയ വിഷയമായതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും നമ്പി നാരായണന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും സിബിഐ വ്യക്തമാക്കി.
അന്വേഷണം തുടരുന്നതിനാൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ അറിയിച്ചു. ജസ്റ്റിസ് കെ ബാബുവിന്‍റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. എന്നാൽ, ചാരക്കേസ് ഗൂഢാലോചനയിൽ പുതിയ തെളിവുകൾ ലഭിച്ചോ എന്ന് ഹൈക്കോടതി ആരാഞ്ഞെങ്കിലും അന്വേഷണം തുടരുകയാണെന്നായിരുന്നു സിബിഐയുടെ മറുപടി.
അതേസമയം, ചാരക്കേസ് ഗൂഢാലോചനയിൽ വിദേശ പങ്കാളിത്തമുണ്ടെന്ന ആരോപണം തെളിവില്ലാതെയാണെന്ന് ഹർജിക്കാരിൽ ഒരാളായ സിബി മാത്യൂസ് പറഞ്ഞു.
'എന്നെ അറസ്റ്റുചെയ്‌തത് നിയമവിരുദ്ധമായി':നമ്പി നാരായണൻ അടക്കമുള്ളവരെ അറസ്റ്റ് കൂട്ടായ തീരുമാന പ്രകാരമായിരുന്നുവെന്നും ഹർജിക്കാരൻ വ്യക്തമാക്കി. സിബി മാത്യൂസ് അടക്കം അഞ്ച് പ്രതികളുടെ മുൻകൂർ ജാമ്യ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. പ്രതികൾക്ക് നേരത്തെ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കുകയും ഹൈക്കോടതിയെ തന്നെ സമീപിക്കാൻ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്‌തിരുന്നു.
ഹർജികളിൽ അന്തിമ തീർപ്പുണ്ടാകും വരെ അറസ്റ്റ് നടപടികൾ പാടില്ലെന്നും സുപ്രീം കോടതി നിർദേശം ഉണ്ടായിരുന്നു. തന്നെ അറസ്റ്റ് ചെയ്‌തത് നിയമവിരുദ്ധമായാണെന്ന് നമ്പി നാരായണൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വേണ്ടത്ര തെളിവുകളില്ലാതെയാണ് അറസ്റ്റുണ്ടായത്.
ക്രയോജനിക് എഞ്ചിൻ വികസിപ്പിക്കുന്നത് തടയുക മാത്രമായിരുന്നു അറസ്റ്റിന്‍റെ ഉദ്ദേശമെന്നും കോടതിയിൽ നമ്പി നാരായണന്‍റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, നമ്പി നാരായണന്‍റെ അറസ്റ്റ് നിയമപരമാണെന്നായിരുന്നു മുൻ ഡിജിപി സിബി മാത്യൂസിന്‍റെ വാദം.