എറണാകുളം:ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഇന്‍റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാറിൻ്റെ അറസ്റ്റ് ഹൈക്കോടതി വിലക്കി. തിങ്കളാഴ്‌ച (ജൂലൈ രണ്ട്) വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. ആർ.ബി.ശ്രീകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ്. സി.ബി.ഐയുടെ എതിർപ്പ് അവഗണിച്ചായിരുന്നു കോടതിയുടെ നടപടി.
താൻ മികച്ച ഉദ്യോഗസ്ഥനാണെന്ന് ആർ.ബി.ശ്രീകുമാർ
ശ്രീകുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മറ്റ് കേസുകൾക്കൊപ്പം പരിഗണിക്കാമെന്ന് കോടതി വാദത്തിനിടെ വ്യക്തമാക്കി. എതിർപ്പില്ലെന്നും അതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നൽകാനാവില്ലെന്നും സി.ബി.ഐ അറിയിച്ചതിനെ തുടർന്നായിരുന്നു കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവ് നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് താൻ നടത്തിയിട്ടുള്ളത്. നമ്പി നാരായണനെ താൻ ചോദ്യം ചെയ്‌തിട്ടില്ല. രാജ്യത്തിന് വേണ്ടി മികച്ച പ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥനാണ് താനെന്നും ശ്രീകുമാർ കോടതിയെ അറിയിച്ചു.