എറണാകുളം: ആധുനിക സംവിധാനങ്ങളൊരുക്കി ജില്ലയിലെ കൊവിഡ് ഐസൊലേഷൻ വാർഡുകൾ. കളമശ്ശേരി മെഡിക്കല്‍ കോളജും മുവാറ്റുപുഴ ജനറല്‍ ആശുപത്രിയുമാണ് പൂർണതോതിൽ ഐസൊലേഷൻ സെന്‍ററുകളായി പ്രവർത്തിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജിൽ മുപ്പതും, മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിൽ പതിമൂന്നും ഐസൊലേഷൻ വാർഡുകൾ വീതമാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യമെങ്കിൽ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനും നടപടിയായിട്ടുണ്ട്. ഐസൊലേഷൻ വാർഡുകളിലേക്ക് പ്രത്യേകമായി ഡോക്ടർമാരേയും നഴ്‌സുമാരേയും മറ്റു ജോലിക്കാരേയും നിയോഗിച്ചിട്ടുണ്ട്. ഒരു ഷിഫ്റ്റിൽ ഒരു ഡോക്ടർ, രണ്ട് സ്റ്റാഫ് നഴ്‌സ്, ഒരു അറ്റൻഡർ, ഒരു ക്ലീനിങ് സ്റ്റാഫ്, ഒരു എക്‌സറേ ടെക്‌നീഷ്യൻ എന്നിവരാണ് ഡ്യൂട്ടിയിൽ ഉള്ളത്. കൊവിഡ് പ്രതിരോധ വ്യക്തിഗത സുരക്ഷാ ഉപാധികൾ ധരിച്ച് നാല് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ ആറ് ഷിഫ്റ്റുകളിലായാണ് ജീവനക്കാർ പ്രവർത്തിക്കുന്നത്.
വാര്‍ഡുകളില്‍ ഓരോ ഷിഫ്റ്റിലും അണുനാശിനികൾ ഉപയോഗിച്ച് ശുചീകരിക്കുകയും ചെയ്യുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ അണിയിക്കുവാനും, ഷിഫ്റ്റ് കഴിഞ്ഞ് പോകുമ്പോൾ അത് അഴിച്ചുമാറ്റാനും മാത്രമായി പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഉപയോഗ ശേഷം അവ ഇൻസിനറേറ്റർ ഉപയോഗിച്ച് കത്തിച്ചു കളയും. ഐസൊലേഷൻ വാർഡുകളിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.