ഫുട്ബോള്ആരവത്തിലേക്കും ആവേശത്തിലേക്കും കടക്കാന്‍ ഇനി മണിക്കൂറുകളുടെ മാത്രം ദൂരം. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സും (Kerala Blasters) മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയും (Bengaluru FC) തമ്മിലാണ് ഐഎസ്എല്‍ (Indian Super League) പത്താം പതിപ്പിലെ ആദ്യ മത്സരം (ISL 10th Season Inaugural Match). രാത്രി എട്ട് മണിക്കാണ് ആവേശപ്പോരാട്ടത്തിന്റെ കിക്കോഫ്.
കരുത്ത് കൂട്ടി പുത്തന്‍ രൂപത്തിലാണ് ഇക്കുറി ഐഎസ്എല്ലിന്റെ വരവ്. 12 ടീമുകള്‍ ഇപ്രാവശ്യം സീസണില്‍ മാറ്റുരയ്ക്കുന്നുണ്ട്. ഐ ലീഗില്‍ നിന്നും പ്രൊമോഷന് നേടിയെത്തുന്ന പഞ്ചാബ് എഫ്സിയാണ് (Punjab FC) ടൂര്‍ണമെന്റിലെ പുതിയ ടീം.
പൊളിച്ചെഴുത്തുകള്‍ നടത്തി ബ്ലാസ്റ്റേഴ്സിന്റെ വരവ്...:മൂന്ന് തവണ ഫൈനലില്‍ പ്രവേശിച്ചു. അപ്പോഴെല്ലാം കയ്യെത്തും ദൂരത്ത് കിരീടം നഷ്ടമായി. ഇപ്പോഴും കിട്ടാക്കനിയായി തുടരുന്ന കിരീടം സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന്റെ വരവ്, അതിനൊപ്പം തന്നെ കഴിഞ്ഞ സീസണിലെ ചില കണക്കുകളും ഇന്ന് അവര്‍ക്ക് തീര്‍ക്കാനുണ്ട്.
ഐഎസ്എല്‍ ഒന്‍പതാം സീസണില്‍ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്സിയോട് പരാജയമറിഞ്ഞായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പുറത്താകല്‍. മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ (Sunil Chhetri Controversial Goal Against Kerala Blasters) വിവാദ ഗോള്‍ പിറന്നതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് പരിശീലകനും താരങ്ങളും മത്സരം ബഹിഷ്കരിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ടീമിന് പിഴയും പരിശീലകന് വുകോമാനോവിച്ചിന് പത്ത് മത്സരങ്ങളില്‍ നിന്നും വിലക്കും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (AIFF) നല്കി.
കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ക്ക് മറുപടി പറയാന്‍ ആവോളം അഴിച്ചുപണികള്‍ നടത്തിക്കൊണ്ടാണ് ഇക്കുറി ഇവാന് വുകോമാനോവിച്ചിന്റെയും (Ivan Vukomanovic) പിള്ളേരുടെയും വരവ്. മധ്യനിരയിലെ ടീമിന്റെ വിശ്വസ്ത പോരാളി അഡ്രിയാന്‍ ലൂണയാണ് (Adrian Luna) ഇത്തവണ ടീമിന്റെ നായകന്. കഴിഞ്ഞ തവണ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിനെ കിരീടത്തിലേക്ക് നയിച്ച പ്രീതം കോട്ടല്‍ ഇക്കുറി കേരളത്തിന്റെ പ്രതിരോധക്കോട്ടയുടെ കരുത്താകും.