എറണാകുളം: ഐ.എസ്.എല്‍ ആറാം സീസണിൽ അനിവാര്യ വിജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്നത്തെ ഹോം ഗ്രൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം അനിവാര്യമാണ് . സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം തുടരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ലീഗിലെ രണ്ടാം വിജയമാണ് ലക്ഷ്യമിടുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. വൈകീട്ട് 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് കിക്കോഫ്. നാല് തോൽവി , നാലെണ്ണത്തില്‍ തുല്യഫലം, ഒരു വിജയം എന്നിങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആറാം സീസണിലെ ഇതുവരെയുള്ള പ്രകടനം.
പതിവ് പോലെ ഫുട്ബോൾ പ്രേമികളായ വൻ ജനാവലി കേരള ടീമിന് പിന്തുണയുമായി കൊച്ചിയിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തില്‍ അത്ലറ്റിക്കോ ഡി കൊൽക്കത്തക്കെതിരെ മാത്രം ജയിക്കാനായ ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരത്തില്‍ ചെന്നൈയിനോട് തോറ്റാണ് വീണ്ടും കൊച്ചിയിലെത്തുന്നത്. തന്‍റെ പഴയ ശിഷ്യർക്കെതിരായ മത്സരം ബ്ലാസ്റ്റേഴ്‌സിന്‍റെ കോച്ച് എല്‍ക്കോ ഷട്ടോരിക്കും അഭിമാന പോരാട്ടമാണ്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സ്ഥാനം ഏഴാമതാണ്. ഇന്ന് ജയിക്കാനായാല്‍ രണ്ടു പടി കൂടി മുന്നിലെത്താം. എന്നാൽ മത്സര ഫലം എതിരായാൽ മുന്നോട്ടുള്ള പ്രയാണം കൂടുതല്‍ ദുഷ്‌കരമാവും.