എറണാകുളം: മിന്നൽ വേഗത്തിൽ വിരലുകൾ ചലിച്ച് പിയാനോയിൽ അത്ഭുതം സൃഷ്‌ടിച്ച പതിനാലുകാരനായ കലാകാരൻ. തന്‍റെ പന്ത്രണ്ടാം വയസിൽ ലോകപ്രശസ്‌തിയുടെ നെറുകയിലെത്തിയ ലിഡിയൻ നാദസ്വരത്തിന്‍റെ പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. പ്രായത്തിൽ കവിഞ്ഞ് സംഗീതത്തിൽ മാന്ത്രികത രചിച്ച ലിഡിയന് ഇസൈജ്ഞാനി ഇളയരാജയും സൂപ്പർതാരം മോഹൻലാലും പിറന്നാൾ ആശംസകൾ അറിയിച്ചു. ഒപ്പം സവിശേഷമായ ഒരു സമ്മാനവും ഇളയരാജയിൽ നിന്നും പതിനാലുകാരന് ലഭിച്ചു. ഇത്തവണത്തെ ജന്മദിനം തനിക്ക് മറക്കാൻ കഴിയാത്ത ദിവസമാണെന്ന് ലിഡിയൻ പറയുന്നു. പിറന്നാൾ ദിനത്തിൽ ഇളയരാജയിൽ നിന്ന് ക്ഷണം ലഭിച്ചതായും അദ്ദേഹം തനിക്ക് നാദസ്വരം സമ്മാനിച്ചുവെന്നും ലിഡിയൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒപ്പം തനിക്ക് ജന്മദിനാശംസകൾ നേർന്ന എല്ലാവരോടും പോസ്റ്റിൽ നന്ദിയറിയിക്കുകയും ചെയ്‌തു.
അമേരിക്കയിലെ യുഎസ്‌ടിവി നെറ്റ്‌വർക്കായ സിബിഎസിന്‍റെ 'വേൾഡ്‌സ് ബെസ്റ്റ്' എന്ന ടെലിവിഷൻ റിയാലിറ്റി പരമ്പരയിലെ ഒരു ദശലക്ഷം യുഎസ് ഡോളറിന്‍റെ വിജയിയായിരുന്നു ലിഡിയൻ നാദസ്വരം. തന്‍റെ 12-ാം വയസിലാണ് ലിഡിയന്‍റെ ഈ നേട്ടം.
"എന്‍റെ അത്ഭുത ബാലന് ജന്മദിനാശംസകൾ" എന്ന് മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നടൻ മോഹൻലാൽ സംവിധാനം ചെയുന്ന 'ബറോസ്: ഗാർഡിയൻ ഓഫ് ഗാമ്മാസ് ട്രഷർ' എന്ന ഫാന്‍റസി ത്രില്ലർ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ലിഡിയൻ നാദസ്വരമാണ്. ബറോസിലൂടെയാണ് ലിഡിയൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതും. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ഈ ചിത്രം ഐമാക്സ് ത്രീഡിയിലാണ് നിർമിക്കുന്നത്. മലയാളത്തിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' ഒരുക്കിയ ജിജോ പുന്നൂസാണ് ബറോസിന്‍റെ കഥയും തിരക്കഥയും ഒരുക്കുന്നത്.
ചെന്നൈ സ്വദേശിയായ ലിഡിയൻ എ.ആർ റഹ്മാൻ ഫൗണ്ടേഷൻ സ്ഥാപിച്ച കെ.എം കൺസർവേറ്ററിയിൽ നാല് വർഷത്തെ സംഗീത പഠനം പൂർത്തിയാക്കിയിട്ടുണ്ട്. സംഗീത സംവിധാനത്തിന് പുറമെ അഭിനയത്തിലേക്കും ലിഡിയൻ കടന്നിരിക്കുകയാണ്. റിലീസിനൊരുങ്ങുന്ന 'അട്‌കാൻ ചട്‌കാൻ' എന്ന ചിത്രത്തിലാണ് ലിഡിയൻ പ്രധാന വേഷത്തിൽ എത്തുന്നത്. ശിവ് ഹരേ സംവിധാനം ചെയ്യുന്ന ചിത്രം സംഗീത പ്രാധാന്യമുള്ള കഥയാണ് വിവരിക്കുന്നത്. എ.ആർ റഹ്മാനാണ് ചിത്രത്തിന്‍റെ നിർമാതാവ്. ശിവമണിയാണ് അട്‌കാൻ ചട്‌കാന്‍റെ സംഗീതം. ജീവിതത്തിലെ കഷ്ടപ്പാടുകൾ അതിജീവിച്ച് നാലു കുട്ടികൾ സ്വന്തമായി മ്യുസിക് ബാൻഡ് തുടങ്ങുന്നതും തുടർന്ന് ദേശീയതല മത്സരത്തിൽ പങ്കെടുക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിന്‍റെ ട്രെയിലർ ഇതിനോടകം പുറത്തുവിട്ടിരുന്നു.