എറണാകുളം:കൊച്ചിയിൽ നിർമാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിൽ മോഷണം നടത്തിയ പ്രതികളെ ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ ബിഹാർ സ്വദേശി സുമിത്കുമാര്‍ സിംഗ്, രാജസ്ഥാൻ സ്വദേശി ദയാ റാം എന്നിവരെ ഇന്ന് കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി. പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടതെങ്കിലും ഒരാഴ്ചത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. പ്രതികളുടേത് രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തിയെന്ന് എൻഐഎ കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി. കവർച്ച നടത്തിയ പത്തൊമ്പത് ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരു മൈക്രോ പ്രൊസസർ മാത്രമാണ് കണ്ടെടുക്കാനുള്ളത്. പ്രതികള്‍ ഇത് ഓൺലൈൻ വഴി വിൽപ്പന നടത്തിയെന്നും എൻഐഎയുടെ കസ്റ്റഡി അപേക്ഷയിലുണ്ട്.
ഐഎൻഎസ് വിക്രാന്തിലെ മോഷണം; പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു - NIA custody
പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടതെങ്കിലും ഒരാഴ്ചത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. പ്രതികളുടേത് രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തിയെന്ന് എൻഐഎ കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി.
കപ്പലിൽ പെയിന്‍റിംഗ് തൊഴിലാളികളായി എത്തിയവരായിരുന്നു പ്രതികൾ. യുദ്ധക്കപ്പലിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറുകളിൽ പ്രധാനപ്പെട്ട അഞ്ച് കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്‌കുകളും ഇവർ മോഷ്ടിച്ചിരുന്നു. കപ്പലുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങള്‍ ഈ ഹാര്‍ഡ് ഡിസ്കുകളില്‍ ഉണ്ടായിരുന്നെന്നാണ് അന്വേഷണം നടത്തിയ കൊച്ചി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കരാറു കമ്പനിയുമായുള്ള എതിർപ്പിനെ തുടർന്ന് യുദ്ധക്കപ്പലിൽ നിന്നും ഹർഡ് ഡിസ്‌കുകളും കേബിളുകളും മോഷ്ടിച്ചുവെന്നായിരുന്നു പ്രതികളുടെ മൊഴി.
യുദ്ധക്കപ്പലിൽ നിന്ന് ഹാർഡ് ഡിസ്‌കുകൾ മോഷ്ടിക്കാനുള്ള സാങ്കേതിക പരിജ്ഞാനം പ്രതികൾക്ക് എങ്ങനെ ലഭിച്ചുവെന്ന് കണ്ടെത്തുന്നതിനായി ഇവരെ ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് വിധേയരാക്കും. പ്രതികളിൽ ഒരാളായ സുമിത് കുമാറിന്‍റെ കമ്പ്യൂട്ടർ പരിജ്ഞാനവും എൻഐഎയുടെ സംശയം ബലപ്പെടുത്തുന്നുണ്ട്. രാജസ്ഥാൻ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്. നേരത്തെ ഹാർഡ് ഡിസ്ക് ഒളിപ്പിച്ചത് തേവരയിലെ വീട്ടിലാണെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. ഈ വീട്ടിൽ ഇവരോടൊപ്പം താമസിച്ച മറ്റ് നാലുപേരെക്കൂടി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം റിമാന്‍റ് ചെയ്ത പ്രതികളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫലം നെഗറ്റീവായതിനെത്തുടർന്ന് ജയിലിലേക്ക് മാറ്റിയത്. ഇതിനു പിന്നാലെയാണ് എൻഐഎ കസ്റ്റഡി അപക്ഷയുമായി കോടതിയെ സമീപിച്ചത്.